കുന്നംകുളം വിട്ട സി.എം.പി നെന്മാറ അനുവദിച്ചു. സി.എന്‍. വിജയകൃഷ്ണന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മൽസരിക്കുമെന്ന് സി.പി. ജോൺ അറിയിച്ചു. ഒരു സീറ്റ് കൂടി പാര്‍ട്ടി അധികം ചോദിച്ചിട്ടുണ്ടെന്ന് സി.പി. ജോണ്‍ പറഞ്ഞു.
എം.വി.ആര്. കാന്‍സര്‍ സെന്ററിന്റെ ചെയര്‍മാനാണ് സി.എന്‍. വിജയകൃഷ്ണന്. 2011-ല്‍ എം.വി. രാഘവന് പരാജയപ്പെട്ട മണ്ഡലമാണ് നെന്മാറ. എം.വി.ആര്. മത്സരിച്ചു എന്ന വൈകാരികതയിലാണ് അവിടെ മത്സരിക്കാന്‍ സി.എം.പി. താത്പര്യപ്പെട്ടത്. 2008-ല്‍ കൊല്ലങ്കോട് മണ്ഡലം മാറി നെന്മാറയായത് മുതല്‍ എല്‍.ഡി.എഫാണ് ഇവിടെ വിജയിച്ചിരുന്നത്. 2011-ല്‍ സി.പി.എമ്മിലെ ചെന്താമരാക്ഷനാണ് എം.വി.ആറിനെ തോല്‍പ്പിച്ചത്. 2016-ല്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് കോണ്‍ഗ്രസിലെ എ.വി. ഗോപിനാഥിനെ കെ. ബാബു തോല്‍പ്പിച്ചു.
ചുരുങ്ങിയ കാലംകൊണ്ട് സഹകാരി എന്ന നിലയില്‍ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയനായ സി.എന്‍. വിജയകൃഷ്ണന് മത്സരിക്കുന്നതില്‍ യു.ഡി.എഫും താത്പര്യം അറിയിച്ചിരുന്നു. നെന്മാറ മണ്ഡലം ഉള്‍പ്പെടുന്ന മുതലമടയിലാണ് വിജയകൃഷ്ണന് നേതൃത്വം നല്കുന്ന ലാഡര്‍ എന്ന സ്ഥാപനത്തിന്റെ പദ്ധതിയായ ഓള്‍ഡ് ഏജ് ഹോമിന് തുടക്കം കുറിക്കുന്നത്.