കുതിരാനിൽ ഒന്നാം തുരങ്കത്തിലൂടെ മാത്രമായി പരീക്ഷണ ഗതാഗതം ആരംഭിച്ചു

26

മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയിൽ കുതിരാനിൽ ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ പരീക്ഷണ ഓട്ടം രാവിലെ ആരംഭിച്ചു.

രണ്ടാം തുരങ്കത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണങ്ങൾ. തൃശ്ശൂർ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ വഴുക്കുംപാറയിൽനിന്നും പാലക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കൊമ്പഴ മമ്മദ്പടിയിൽനിന്നും ഒറ്റവരിപ്പാതകളിലേക്ക്‌ കടക്കണം.

വഴുക്കുംപാറ, പടിഞ്ഞാറേ തുരങ്കമുഖം, കിഴക്കേ തുരങ്കമുഖം, വില്ലൻവളവ് എന്നിവിടങ്ങളിൽ പോലീസ്‌കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ മധ്യഭാഗത്ത് വരയിടൽ, ബാരിക്കേഡ് സ്ഥാപിക്കൽ, കിഴക്കുഭാഗത്ത് സിഗ്നൽ ലൈറ്റ് സ്ഥാപിക്കൽ എന്നിവ പൂർത്തിയായിട്ടുണ്ട്.

പരീക്ഷണ ഓട്ടത്തിന് എന്തെങ്കിലും തടസ്സമുണ്ടായാൽ തൃശൂർ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങളെ നിലവിലെ പാതയിലൂടെത്തന്നെ കടത്തിവിടും. പ്രശ്നം പരിഹരിച്ചശേഷം മാത്രമായിരിക്കും വീണ്ടും തുരങ്കത്തിലൂടെ വാഹനങ്ങളെ കടത്തിവിടുക. ഓവർടേക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചിട്ടുള്ള മേഖലയിൽ നിയമലംഘനമുണ്ടായാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമുണ്ട്.