പാലക്കാട്ടെ അനസിൻ്റെ കൊലപാതകത്തിൽ മുഖ്യപ്രതിക്കൊപ്പമുണ്ടായിരുന്ന പോലീസുകാരനെയും അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഫിറോസിൻ്റെ സഹോദരനായ റഫീഖിനെയാണ് രാത്രി വൈകി പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകരുതെന്ന ഉന്നത പൊലീസ് നേതൃത്വത്തിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി.
മലപ്പുറം അരീക്കോട് ആംഡ് റിസർവ്വ് ക്യാമ്പിലെ പോലീസുകാരനായ റഫീഖിനെ രക്ഷിക്കാനായി സംഭവത്തിന്റെ തുടക്കം മുതലേ പോലീസ് വലിയ തരത്തിൽ ശ്രമിച്ചിരുന്നു. ഫിറോസ് അനസിനെ മർദ്ദിക്കുമ്പോൾ പിടിച്ചു മാറ്റാൻ ശ്രമിക്കുകയായിരുന്നു റഫീഖ് എന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്. പിന്നീട് റഫീഖിൻ്റെ അറിവോടെയല്ല കൊലപാതകം നടന്നതെന്നായി. എന്നാൽ അക്രമത്തിൻ്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് വെട്ടിലായത്. ക്രിക്കറ്റ് ബാറ്റുമായി അനസിനെ തേടിയിറങ്ങിയപ്പോൾ ഫിറോസിനെ പിന്നിലിരുത്തി ബൈക്ക് ഓടിച്ചത് റഫീഖ് ആയിരുന്നു. കൊലപാതകത്തിൻ്റെ സി.സി.ടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വളരെ വ്യക്തമാണ്. എന്നിട്ടും റഫീഖിനെ ഒഴിവാക്കി പോലീസ് കേസെടുത്തതിൽ കൊല്ലപ്പെട്ട അനസിൻ്റെ കുടുംബം പരാതിയുമായി രംഗത്തുവന്നിരുന്നു.
ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചതാണ് എന്ന് പറയാതെ ഓട്ടോറിക്ഷയിടിച്ചതാണ് എന്ന് കള്ളം പറഞ്ഞായിരുന്നു അനസിനെ പാലക്കാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊലപാതകശേഷം റഫീക്ക് വിവരം മറയ്ക്കാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.