അട്ടപ്പാടിയിലേക്ക് സഹായവുമായി വീണ്ടും തൃശൂരിലെ പൂരപ്രേമി സംഘമെത്തി

60

അട്ടപ്പാടി ആദിവാസി ഊരുകളിലേക്ക് വീണ്ടും ഭക്ഷ്യകിറ്റുകളുമായി തൃശൂർ പൂരപ്രേമി സംഘമെത്തി. കോവിഡ് മഹാമാരിക്കാലത്ത് ദുരിതത്തിലായവർക്ക് താങ്ങാവാനുള്ള സംഘടനയുടെ തീരുമാനപ്രകാരം ഇത് മൂന്നാം തവണയാണ് അട്ടപ്പാടിയിലേക്ക് പൂരപ്രേമി സംഘത്തിൻറെ സഹായമെത്തുന്നത്. എക്സൈസ് അഗളി റേഞ്ച് ഓഫീസിന്റെയും സി.ഇസെഡ് കമ്മീഷണർ സ്ക്വാഡിന്റെയും സഹകരണത്തോടെയായിരുന്നു പ്രവർത്തനം. അട്ടപ്പാടിയിലെ പുതൂർ, അഗളി, ഷോളയൂർ പഞ്ചായത്തുകളിലെ കോവിഡ് രോഗികളുടെ വീടുകളിലേക്കും ആനക്കട്ടി, വട്ടലക്കി ഊരുകളിലെ കുടുംബങ്ങൾക്കുമാണ് ഭക്ഷ്യകിറ്റുകൾ എത്തിച്ചത്. ഷോളയൂർ പഞ്ചായത്തിലെ ആനക്കട്ടി ഊരിൽ വെച്ച് ഷോളയൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ ജിതേഷ്  പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.   വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. രവി, ആനക്കട്ടി വാർഡ് അംഗം വേലമ്മാൾ മാണിക്യം, എക്സൈസ് സി.ഐ സജീവ്., അഗളി എക്സൈസ് ഇൻസ്പെക്ടർ രജനീഷ്, ഓഫീസർമാരായ വി. ബാബു, ഷാനവാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മണിക്കുട്ടൻ, പ്രവീൺ കെ വേണുഗോപാൽ, നിധീഷ് ഉണ്ണി, ലക്ഷ്മണൻ, രജീഷ്, വിമൻ സിവിൽ എക്സൈസ് ഓഫീസർ ഉഷ എന്നിവരും പൂരപ്രേമി സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹകരണവുമായുണ്ടായിരുന്നു. പൂരപ്രേമി സംഘത്തിന്റെ വാട്സാപ്പ് കൂട്ടായ്മയായ കാലപ്രാമാണികത്തിൽ കൺവീനർ വിനോദ് കണ്ടേംകാവിൽ ഉയർത്തിയ ആശയമാണ് മഹാമാരിക്കാലത്ത് ദുരിതത്തിലായവർക്ക് സഹായമെത്തിക്കാനുള്ള പദ്ധതിക്ക് കാരണം. രക്ഷാധികാരി നന്ദൻ വാകയിൽ, പ്രസിഡണ്ട് ബൈജു താഴെക്കാട്ട്, സെക്രട്ടറി അനിൽകുമാർ മൊച്ചാട്ടിൽ, ജോ.സെക്രട്ടറി സജേഷ് കുന്നമ്പത്ത്, ട്രഷറർ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കോവിഡ് ലോക്ക്ഡൗണിൽ തൊഴിലവസരമില്ലാതായ ഉൽസവ-കലാ-സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള സഹായവും, ഇക്കഴിഞ്ഞ തൃശൂർ പൂരത്തിന് എഴുന്നെള്ളിപ്പിനിടയിൽ മരച്ചില്ലയൊടിഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്കും സംഘടന സഹായമെത്തിച്ചിരുന്നു.