ശബരിമലയിൽ നിലവിലെ സാഹചര്യമനുസരിച്ച് മാത്രം തീർഥാടനം: പൊലീസുകാർക്ക് നൽകിയ കൈപ്പുസ്തകത്തിൽ സംബന്ധിച്ച അബദ്ധം തിരുത്തുമെന്ന് ദേവസ്വം മന്ത്രി; അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ലെന്നും മന്ത്രി രാധാകൃഷ്ണൻ

14

സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. സർക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. തീര്‍ത്ഥാടനകാലം തുടങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ ശബരമലയില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്‍റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്.ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു.വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാൽ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതില്‍ അന്തിമ തീരുമാനം വരുന്നത് വരെമുൻപ് ഉണ്ടായ അതേ രീതിയിൽ പ്രവേശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കായി നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തക നിർദേശത്തിൽ ഒന്നാമതായിട്ടാണ് സുപ്രീം കോടതിയുടെ വിധി ന്യായ പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന വിവാദ പരാമർശമുണ്ടായിരുന്നത്. മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്‍റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസിന്റെ ആദ്യസംഘം ചുമതലയേറ്റിരുന്നു.

Advertisement
Advertisement