വൈദ്യ പരിശോധനക്കിടെ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി

6

വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ച മോഷണക്കേസ് പ്രതി അർധരാത്രിയിൽ പോലീസ് കസ്റ്റഡിയിൽനിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ടു. മണിക്കൂറുകൾനീണ്ട തിരച്ചിലിനൊടുവിൽ പ്രതിയെ വീടിന് സമീപത്തെ പുഞ്ചപ്പാടത്തുനിന്ന് പോലീസ് ഞായറാഴ്ച പുലർച്ചെ സാഹസികമായി പിടികൂടി.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ശനിയാഴ്ച രാത്രി 11.45-നാണ് സംഭവങ്ങളുടെ തുടക്കം. പന്നിവേലിച്ചിറ സ്വദേശി ഇരുട്ട് ഉണ്ണി എന്നു വിളിക്കുന്ന പ്രതീഷ് (23) ആണ് പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്.

ആശുപത്രിയിൽ വൈദ്യപരിശോധനയുടെ ഭാഗമായി ഉയരവും ഭാരവും നോക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതീഷ് കടന്നത്. ഇതിനിടെ െെകയിലെ വിലങ്ങ് ഇയാൾ മുറിച്ചുനീക്കിയിരുന്നു. സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരാണ് പ്രതിയെ പരിശോധനയ്ക്ക് എത്തിച്ചത്. എ.എസ്.ഐക്കാണ് പ്രതിയുടെ സുരക്ഷാ ചുമതല നൽകിയിരുന്നെങ്കിലും പിന്നീട് പ്രതിയെ പോലീസുകാരെ ഏൽപ്പിച്ച്് വിടുകയായിരുന്നുവെന്ന് പറയുന്നു.

മോഷണക്കുറ്റം കൂടാതെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടതിനും വിലങ്ങ് മുറിച്ചതിനും കേസെടുത്തു. നേരത്തെ പോക്‌സോ കേസിലും ഇയാൾ പ്രതിയായിരുന്നു. ആറന്മുള എസ്.എച്ച്.ഒ. ജി. ജയകുമാർ, എസ്.ഐ.മാരായ രാജീവ്, ഹരീന്ദ്രൻ, സി.പി.ഒ.മാരായ ജോബിൻ, ജയകൃഷ്ണൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.