സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

11

സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിന് കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisement

വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച തയാറെടുപ്പുകളാണ് നടത്തുന്നത്. കോവിഡ് കാലത്തിന് ശേഷം നടന്ന പൊതുപരീക്ഷയായതുകൊണ്ട് തന്നെ നിരവധി വെല്ലുവിളികളായിരുന്നു നേരിടേണ്ടി വന്നത്. ആ വെല്ലുവിളികള്‍ക്കിടയിലും കുറ്റമറ്റരീതിയില്‍ പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സാധിച്ചു. ഫോക്കസ് ഏരിയകള്‍ ഇനിയുള്ള ഒരു പരീക്ഷകളിലും നല്‍കില്ല. മികച്ച രീതിയില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ മാത്രമേ മത്സര ഓട്ടത്തില്‍ മുന്നിലെത്തൂ. വിദ്യാര്‍ഥികളുടെ ബൗദ്ധികവും ആരോഗ്യകരവുമായ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 

3500 കോടി രൂപയാണ് സംസ്ഥാനത്തെ സ്‌കൂളുകളുടെ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. വര്‍ത്തമാനകാലഘട്ടത്തിലെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയ്ക്കും മാറ്റത്തിനും അനുസരിച്ച് വിദ്യാര്‍ഥികള്‍ വിവിധങ്ങളായ കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് പഠിച്ച് മുന്നേറണമെന്നും മന്ത്രി പറഞ്ഞു.

Advertisement