പമ്പയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു

13

പമ്പയില്‍ മൂന്നുയുവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പളളി പന്മന സ്വദേശികളായ ശ്രീജിത്ത്, ഹനീഷ്, സജാദ് എന്നിവരാണ് മരിച്ചത്. ഹരിപ്പാടിന് സമീപമുള്ള വിയപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവര്‍ കുളിക്കാനായി പോയപ്പോഴാണ് അപകടം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. 

അഞ്ചുസുഹൃത്തുക്കള്‍ ചേര്‍ന്നാണ് വിയപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയത്. ഇവരില്‍ ശ്രീജിത്ത്,ഹനീഷ്,സജാദ് എന്നിവര്‍ കുളിക്കാനായി പമ്പയില്‍ ഇറങ്ങി. കുളിക്കുന്നതിനിടയില്‍ ഇവര്‍ മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.