സത്യപ്രതിജ്ഞ തടയണം: ഹർജി ഇന്ന് ഹൈക്കോടതിയിൽ

28

ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കെ 500ലേറെ പേരെ പങ്കെടുപ്പിച്ചുള്ള രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ചികിത്സാ നീതി സംഘടനാ ജനറൽ സെക്രട്ടറി ഡോ. കെ.ജെ പ്രിൻസാണ് ഹർജി നൽകിയത്. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിൽ കോടതി സ്വമേധയാ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള പരാതികളും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നിലുണ്ട്. അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ, ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ എന്നിവരാണ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിട്ടുള്ളത്. ഈ പരാതികളും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും.