കേരളത്തിന്റെ ജനനായകന് 76-ാം പിറന്നാൾ

25

നാടര്‍പ്പിച്ച വിശ്വാസത്തിൽ തുടർഭരണമെന്ന ചരിത്രത്തിലേക്ക് കേരളത്തെ അടയാളപ്പെടുത്തിയ പിണറായി വിജയനെന്ന ജനനായകന്, കേരളത്തിന്റെ ഒന്നാമന് ഇന്ന് 76ന്റെ നിറവ്. ഭരണസിംഹാസനത്തില്‍ രണ്ടാമൂഴം ലഭിച്ചതിന്റെ ഇരട്ടിമധുരമുണ്ട് ഈ പിറന്നാളിന്. ആ സന്തോഷവും പങ്കിട്ടാണ് ആരാധകരുടെ ക്യാപ്റ്റന്‍ ഇന്ന് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലേക്ക് എത്തുന്നത്. 

1944 മെയ് 24നായിരുന്നു വിജയന്റെ ജനനം. കണ്ണൂര്‍ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകന്‍. ഇല്ലായ്മയില്‍ കരിയാതെ തളിര്‍ത്ത ബാല്യം. പോരാട്ടത്തിന്റെ കനലുകള്‍ ജ്വലിച്ച കൗമാരം. ചെഞ്ചോര കൊടിയുമേന്തി പിണറായി വിജയനെന്ന പേരായി ആളിപിടിച്ച യൗവനം. നേതൃപാടവവും സംഘാടനശേഷിയും പിണറായി വിജയനെ സിപിഎം എന്നതിന്റെ പര്യായമാക്കി.

ഒന്നരപതിറ്റാണ്ട് കാലം പാര്‍ട്ടി സെക്രട്ടറിയായി. 2016ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസമാണ് പിറന്നാള്‍ രഹസ്യം കുസൃതിചിരിയോടെ പിണറായി വെളിപ്പെടുത്തിയത്.

അന്നുമുതല്‍ മെയ് 24 പിണറായി വിജയന്റെ ജന്മദിനമെന്ന് കുറിച്ചിട്ടു കേരളം. ആര്‍ത്തിരച്ചുവന്ന പ്രളയങ്ങളിലും കോവിഡ് മഹാമാരിയിലും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകര്‍ന്ന നേതാവ്. കണിശക്കാരനില്‍ നിന്ന് ജനകീയ മുഖ്യമന്ത്രി എന്ന വഴിത്തിരിവിലൂടെയാണ് 76 ഉം കടന്ന് പിണറായി വിജയന്‍ സഞ്ചരിക്കുന്നത്.