പി.ജെ.ജോസഫും മോന്‍സ് ജോസഫും എം.എൽ.എ പദവികൾ രാജിവെച്ചു

26

പി.ജെ.ജോസഫും മോന്‍സ് ജോസഫും എം.എൽ.എ പദവികൾ രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് എം.എല്‍.എ സ്ഥാനം രാജിവെച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇവര്‍ 2016ല്‍ ജയിച്ചത്. 

ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിച്ചത്‌.

ഇതിനിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഒറ്റ ചിഹ്നം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചിട്ടില്ല. ഒറ്റ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.സി.തോമസാണ് കത്ത് നല്‍കിയത്. എന്നാല്‍ സങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മീഷന്‍ ഇത് പരിഗണിച്ചിട്ടില്ല.