സഭാതർക്കം: ഓർത്തഡോക്സ് വിഭാഗവുമായി പ്രധാനമന്ത്രി ചർച്ച നടത്തി; ഇന്ന് യാക്കോബായ പ്രതിനിധികളുമായി ചർച്ച

31

മലങ്കരസഭാ തർക്കത്തിൽ രമ്യമായ പരിഹാരമുണ്ടാക്കാൻ ഓർത്തഡോക്സ് സഭാധ്യക്ഷന്മാർ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് സിനഡ് സെക്രട്ടറിയും ചെന്നൈ ബിഷപ്പുമായ യൂഹാനോൻ മാർ ദിയസ്‌കോറോസ്, സീനിയർ മെട്രോപ്പൊളിറ്റൻ ബിഷപ്പ് തോമസ് മാർ അത്താനാസിയോസ്, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ ദെമത്രയോസ് എന്നിവരാണ് മോദിയെ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും ചർച്ചയിൽ പങ്കെടുത്തു. യാക്കോബായ പ്രതിനിധികളെ പ്രധാനമന്ത്രി ചൊവ്വാഴ്ച കാണുമെന്ന് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. കോട്ടയം മെട്രോപൊളിറ്റൻ ബിഷപ്പും സിനഡ് സെക്രട്ടറിയുമായ തോമസ് മാർ തിമോത്തിയോസ്, കൊച്ചി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയസ്, ബിഷപ്പ് കുര്യാക്കോസ് മാർ തിയോറിഫിലോസ് എന്നിവരാണ് പ്രധാനമന്ത്രിയെ കാണുക.

സഭാ തർക്കത്തിൽ സുപ്രീംകോടതിവിധി നടപ്പാക്കേണ്ട ആവശ്യകത പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി സഭാധ്യക്ഷന്മാർ പറഞ്ഞു. കോടതിവിധിക്കുപുറത്ത് പരിഹാരമില്ലെന്നും ഇവർ പറഞ്ഞു. സഭ യോജിച്ചുപോകണമെന്നും അതിനുള്ള അടിസ്ഥാനരേഖ സുപ്രീംകോടതി വിധിയാണെന്നും തർക്കങ്ങളുടെ വിശദമായ പഠനത്തിനുശേഷമുള്ള പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു. സഭാധ്യക്ഷന്മാരെ കേട്ട പ്രധാനമന്ത്രി തർക്കത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞതായാണറിയുന്നത്.