‘സേവ് ദി പൂരം സേഫ് ദി പൂരം’ ആശയവുമായി ദേവസ്വങ്ങൾ: കടുംപിടുത്തം ഒഴിവാക്കി, പൊതുജനങ്ങളെ ഒഴിവാക്കി, ചടങ്ങുകൾ ചുരുക്കുന്നത് ആലോചിക്കുന്നു; ഒരാൾക്ക് പോലും കോവിഡ് വ്യാപനത്തിന് ഇടയാക്കാത്ത വിധത്തിൽ പൂരം നടത്താൻ ശ്രമമെന്ന് പാറമേക്കാവ് ദേവസ്വം

55

കോവിഡ് വ്യാപന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പിനെതിരെ വ്യാപക എതിർപ്പുയർന്നതിനാൽ ‘സേവ് ദി പൂരം സേഫ് ദി പൂരം’ ആശയവുമായി ദേവസ്വങ്ങൾ. നേരത്തെ ആവശ്യപ്പെട്ടിരുന്ന ഇളവുകളിലെ കടുംപിടുത്തങ്ങൾ ഒഴിവാക്കി. പൊതുജനങ്ങളെ ഒഴിവാക്കി പൂരം നടത്താനാണ് ആലോചന. ചുരുക്കം സംഘാടകരും,  ആനക്കാരും, മേളക്കാരും, മാത്രം പങ്കെടുക്കും. ദൃശ്യ, നവമാധ്യമങ്ങളിലൂടെ പൂരം തൽസമയം കാണാൻ അവസരമൊരുക്കും. ദേവസ്വവുമായി സർക്കാർ പ്രതിനിധികൾ ചർച്ച തുടരുന്നു. സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതടക്കമുള്ളവയിൽ വലിയ അപ്രായോഗികത ചൂണ്ടിക്കാണിക്കപ്പെട്ട സാഹചര്യത്തിലും വലിയ തോതിൽ എതിർപ്പ് ഉയർന്ന സാഹചര്യത്തിലുമാണ് മുൻ നിലപാടിൽ നിന്നുമുള്ള പിന്മാറ്റം. അന്തിമ  തീരുമാനം വൈകിട്ട് ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തിലുണ്ടാവും. നേരത്തെ പൂരം നടത്തിയാൽ കോവിഡ് വ്യാപനത്തിനും മരണത്തിനും ഇടയാക്കുമെന്ന ഡി.എം.ഒയുടെ റിപ്പോർട്ട് ആണ് വലിയ ചർച്ചക്ക് ഇടയാക്കിയത്. ഇപ്പോഴത്തെ സാഹചര്യം മനസിലാക്കുന്നുണ്ടെന്നും പൂരം നടത്തിപ്പിലൂടെ ഒരാൾക്ക് പോലും കോവിഡ് വ്യാപനത്തിന് ഇടയാക്കാത്ത വിധത്തിൽ ‘സേവ് ദി പൂരം സേഫ് ദി പൂരം’ ആശയത്തിൽ പൂരം സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. അതേ സമയം തൃശൂർ പൂരം നടത്തിപ്പിന് പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെ മൂന്നംഗസംഘത്തിനാണ് ചുമതല.