‘യുദ്ധകാലത്തും, ക്ഷാമകാലത്തും, കോവിഡ് കാലത്തുമൊക്കെ പൂരം ഒഴിവാക്കിയാണ് തൃശൂർ നാടിനൊപ്പം നിന്നത്. ആ വലിയ പൈതൃകമാണ് ഇവിടെയിപ്പോൾ ഈ വലിയ പ്രതിസന്ധിഘട്ടത്തിൽ ചില സ്ഥാപിത താൽപര്യങ്ങൾ പിച്ചിച്ചീന്താനൊരുങ്ങുന്നത്’: പൂരം നടത്തിപ്പിനെതിരെ കടന്നാക്രമിച്ച് മുതിർന്ന മാധ്യമപ്രവർത്തകന്റെ കുറിപ്പ്, ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

176

കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യമാകെ ഭീതിയിലായിരിക്കെ തൃശൂർ പൂരം എന്ത് വിധേനയും നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സി.എ.കൃഷ്ണൻ ഇക്കാര്യം സൂചിപ്പിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചകൾക്കാണ് ഇടയാക്കിയിരിക്കുന്നത്. മുൻപ് പൂരം മുടങ്ങിയിട്ടുള്ള സാഹചര്യം പലരും ഓർക്കുന്നു. ‘യുദ്ധകാലത്തും ക്ഷാമകാലത്തും കോവിഡ് കാലത്തുമൊക്കെ പൂരം ഒഴിവാക്കിയാണ് തൃശൂർ നാടിനൊപ്പം നിന്നത്. ആ വലിയ പൈതൃകമാണ് ഇവിടെയിപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ ചില സ്ഥാപിത താൽപ്പര്യങ്ങൾ പിച്ചിച്ചീന്താനൊരുങ്ങുന്നതെന്നാണ്’ സി.എ കൃഷ്ണൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. 2020ലെ കോവിഡ് സാഹചര്യത്തിൽ പൂരം ചടങ്ങിലൊതുക്കിയിരുന്നു. അതിന് മുമ്പ് മഴ കാരണവും മറ്റുമായി ചടങ്ങായി പൂരം ചില വര്‍ഷങ്ങളില്‍ നടത്തിയിട്ടുണ്ട്. ഒന്നിലധികം തവണ പൂരം മുടങ്ങിയിട്ടുണ്ട്. 1920ൽ ദിവാൻ വിജയരാഘവാചാരിയുടെ ക്രിസ്ത്യാനി പക്ഷപാതമെന്ന ആക്ഷേപത്തെ തുടർന്ന് ഹിന്ദുക്കൾക്കും നസ്രാണികൾക്കുമിടയിൽ പൊട്ടിപ്പുറപ്പെട്ട ചില അസ്വാരസ്യങ്ങൾ, ചരിത്രത്തിൽ പിന്നീട് തൃശൂർ ലഹള എന്ന പേരിൽ രേഖപ്പെടുത്തി. ഇത് അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ പൂരത്തിനുള്ള നേരമായിപ്പോയി. ദേശം പൂർണ്ണമായും സമാധാനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തിയിട്ടില്ലായിരുന്നതിനാൽ ആ വർഷം പൂരം നടത്തേണ്ട എന്ന് പാറമേക്കാവും, തിരുവമ്പാടിയും ഒരേ സ്വരത്തിൽ തീരുമാനമറിയിക്കുകയായിരുന്നു. അതിനുശേഷം, 1930ൽ നിലയ്ക്കാതെ പെയ്ത മഴ പൂരം ചടങ്ങുമാത്രമാക്കി. എന്നിട്ടും തെക്കോട്ടിറക്കം കാണുവാനായി അനേകായിരം ജനങ്ങൾ കുടകളും ചൂടി തേക്കിൻ കാട്‌ മൈതാനത്തും പരിസരത്തുമായി തടിച്ചു കൂടി. ഒടുവിൽ തിരുവമ്പാടി-പാറമേക്കാവ് പൂരങ്ങൾ ഓരോ ആനപ്പുറത്ത് തെക്കേ ഗോപുരത്തിലൂടെ ഇറങ്ങിവന്നു. ഗാന്ധിജിയെ അറസ്റ്റുചെയ്ത ഉടനെയായിരുന്നു ആവർഷത്തെ പൂരമെ്നന പ്രത്യേകതയുമുണ്ടായിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖകൾ സമരാനുകൂലികൾ തെക്കോട്ടിറക്കത്തിന്റെ നേരത്ത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഗാന്ധിജിയുടെ അറസ്റ്റ് അങ്ങനെ അന്നവിടെ കൂടിയവർക്കിടയിൽ വലിയ ചർച്ചയാവുകയും ചെയ്തു. പിന്നീട് 1943ൽ ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ നേതാക്കളിൽ ഭൂരിപക്ഷവും അറസ്റ്റുചെയ്യപ്പെട്ടതിലുള്ള പ്രതിഷേധം നിമിത്തവും, അരിയുൾപ്പെടെയുള്ളവക്ക് വില കൂടിയതിന്റെ പേരിലും പൂരം അനാർഭാടമായി നടത്താൻ ഇരു ദേവസ്വങ്ങളും തീരുമാനിച്ചു. 194ലെ എഴുന്നള്ളത്തിപ്പിനും ഇരുഭാഗത്തുനിന്നും ഓരോ ആനമാത്രമാണുണ്ടായിരുന്നത്. വാദ്യക്കാരുടെ എണ്ണത്തിലും കാര്യമായ കുറവ് വരുത്തി. അടുത്ത വർഷവും, കഴിഞ്ഞ വർഷത്തെ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ കാര്യമായ മെച്ചമൊന്നും ഉണ്ടായിട്ടില്ല എന്നഭിപ്രായപ്പെട്ട പാറമേക്കാവുകാർ ഒരു ആനയെ എഴുന്നള്ളിച്ചുമാത്രം പൂരം നടത്തി. എന്നാൽ, തുടർച്ചയായി പൂരം മുടക്കുന്നതിൽ ന്യായമില്ലെന്നു കരുതിയ തിരുവമ്പാടിക്കാർ പതിനഞ്ച് ആനകളെ എഴുന്നള്ളിച്ചു. പിന്നീട് 1962ലെ ഇന്തോ-ചീനാ യുദ്ധവും 1963ല്‍ പൂരം പ്രദര്‍ശനത്തിന്റെ വിഹിതം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കവും പൂരം മുടങ്ങിയ ചരിത്രത്തിലുണ്ട്. ഇപ്പോൾ കോവിഡ് ഭീതിയിൽ പൂരം നടത്തിപ്പിനെ കുറിച്ച് ആരോഗ്യവകുപ്പ് ഉയർത്തിയ ആശങ്കയെ തുടർന്ന് വീണ്ടും വിവാദമുയർന്നത്. നേരത്തെ വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പിന്റെയും പേരിലായിരുന്നു പൂരം നടത്തിപ്പ് തർക്കത്തിലാവാറുള്ളത്. ഇപ്പോൾ ജനങ്ങളുടെ ആരോഗ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നിരിക്കെ പൂരം നടത്താൻ വാശിപിടിക്കുന്നതിനെതിരെയാണ് വ്യാപക പ്രതിഷേധമുയർന്നിരിക്കുന്നത്. ജനങ്ങളുടെ മറ്റ് ആവശ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള സർക്കാർ, പൂരം നടത്തിപ്പിന് സൗകര്യമൊരുക്കിയിരിക്കുകയാണ്. കക്ഷി രാഷ്ട്രീയക്കാരും പൂരം നടത്തിപ്പ് ആവശ്യമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരെയും അതിരൂക്ഷമായി വിമർശിക്കുകയാണ് സമൂഹമാധ്യമത്തിൽ.