ലോകം മുഴുവൻ കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് നിൽക്കെ പൂരം നടത്തുമെന്ന് വെല്ലുവിളിച്ച് ഒരു പ്രമാണി, ഓ എമ്പ്രാ തൊഴുത്… ഒരു ഭരണസമിതി, അരപട്ടിണിക്കാരനെ പോലും റോഡിലിറക്കാതെ നിയമം നടപ്പിലാക്കുന്ന സർക്കാരും നിയമസംവിധാനങ്ങളും ഇവർക്ക് സുരക്ഷയൊരുക്കുന്ന തിരക്കിൽ, വായിൽ പഴം കുരുങ്ങി രാഷ്ട്രീയക്കാരും പണ്ഡിതപ്രമുഖരും: കളക്ടറെയും ഡി.എം.ഒയെയും ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടും പ്രതികരിക്കാൻ പോലും തയ്യാറാവാതെ അധികൃതർ, അപമാനഭാരത്താൽ തലകുനിക്കേണ്ട ഗതികേടിൽ സാംസ്കാരിക നഗരി

662

‘കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കൊടുങ്കാറ്റിനേക്കാൾ വേഗമാണെന്നാണ് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ആദ്യ സാഹചര്യത്തെ നേരിട്ടതിനേക്കാൾ തീവ്രമായി നിലകൊള്ളണമെന്നും എല്ലാവരും ഒറ്റക്കെട്ടായി യജ്ഞത്തിൽ പങ്കാളിയാവണമെന്നും പ്രധാനമന്ത്രി’ അഭ്യർഥിച്ചിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമാകെ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിഭീതിതമായി പരക്കുകയാണ്. ഇന്ത്യയിൽ കോവിഡ് പ്രതിദിന കണക്ക് മൂന്ന് ലക്ഷത്തിനടുത്തെത്തി. ഇതിൽ മൂന്നാം സ്ഥാനം കേരളത്തിനാണ്. സംസ്ഥാനത്ത് തന്നെ നാലാമതാണ് തൃശൂർ. രണ്ടായിരത്തിനടുത്താണ് തൃശൂരിലെ പ്രതിദിന കണക്ക്. പൂരം ലോകവിസ്മയമായ തൃശൂർ പൂരം നടക്കുന്ന തൃശൂർ നഗരമുൾപ്പെടുന്ന പ്രദേശത്ത് പോലും കോവിഡിന്റെ അതിവ്യാപനമാണ്. ഓരോരുത്തരും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സജീവമായിരിക്കെ, തൃശൂരിൽ പൂരം നടത്തുകയാണ്. മഹാമാരിക്കാലത്തെ പൂരം നടത്തുന്നതിനെതിരെ നാടാകെ എതിർപ്പുയർത്തുമ്പോഴും പൂരം സംഘാടകർക്കാണ് പൂരം നടത്തിപ്പിന് ആവേശം. പൂരത്തിന് കാശ് പിരിക്കാൻ ദേശത്തിറങ്ങിയ ദേവസ്വം പ്രതിനിധികളെ നാട്ടുകാർ രൂക്ഷമായി വിമർശിക്കുകയാണ് ചെയ്തതെന്ന് അവർ തന്നെ പറയുന്നു. സ്വന്തം ജനതയുടെ സന്തോഷത്തിന് വേണ്ടി ശക്തൻ തമ്പുരാൻ സൃഷ്ടിച്ച പൂരം ഇന്ന് ജനതക്ക് തന്നെ ആശങ്കയുണ്ടാക്കുന്ന വിധത്തിലേക്ക് മാറിയിരിക്കുന്നു. 2020ൽ മുമ്പൊരിക്കലും നാട് അനുഭവിച്ചിട്ടില്ലാത്ത ദുരിത കാലത്ത് കൂടി കടന്ന് പോവുമ്പോഴായിരുന്നു പൂരക്കാലമെത്തിയത്. പൂരം ചടങ്ങിലൊതുക്കാൻ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല തൃശൂരിന്. ഇന്ന് അതിനേക്കാൾ ഭീതിതമായ സാഹചര്യത്തിലായിരിക്കെ പൂരം നടത്തിപ്പ് ചർച്ച ഉയർന്നപ്പോൾ തന്നെ ആശങ്കയും ഉയർന്നിരുന്നു. ആശങ്ക ആദ്യം പങ്കുവെച്ചത് ആരോഗ്യവകുപ്പാണ്. അനിയന്ത്രിതമായെത്തുന്ന ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് ഇടയാക്കും. ഇതുവരെയെയി ചെയ്തു കൊണ്ടിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫലമില്ലാതാവും. വസ്തുതകളോടെയായിരുന്നു ഡി.എം.ഒ ഇക്കാര്യം പറഞ്ഞത്. വിവരം പുറത്തു വന്ന ഉടനെ ഡി.എം.ഒ പൂരം തകർക്കുകയാണെന്നും അനാവശ്യ ഭീതി പരത്തുകയാണെന്നുമായി വിമർശനം. സാഹചര്യങ്ങൾ കുറേക്കൂടി വഷളായി തുടങ്ങിയതോടെ ഡി.എം.ഒ ജാഗ്രതാ മുന്നറിയിപ്പ് വീണ്ടും നൽകി. ഇതോടെയാണ് ജാതി പറഞ്ഞുള്ള വിമർശനം. ഇതരമതസ്തരായതിനാലെന്ന് കൂടി വിശേഷണം ചാർത്തി. മതസാഹോദര്യത്തിന് പെരുമ കേട്ട തൃശൂരും തൃശൂർപൂരവും. ഒരു പൂരപ്രമാണിയുടെ വായിൽ നിന്ന് വീണ വർഗീയ വിഷം കേട്ടിട്ടും ആരും പ്രതികരിച്ചില്ല. സർക്കാർ ഉദ്യോഗസ്ഥർ, അത് ആരോഗ്യവകുപ്പാണെങ്കിൽ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ് അവർക്ക് മുഖ്യം. അതിൽ ജാതിയും മതവും വർഗവും വർണവുമൊന്നും അവരുടെകാര്യമല്ല. അവർ സ്വപ്നത്തിൽ പോലും അതൊന്നും കരുതിയിട്ടുമുണ്ടാവില്ല. പക്ഷേ, ദേവസ്വം പ്രമാണിയെന്ന കൊമ്പിന്റെ നിറവിൽ എന്ത് വെറിയും വിളിച്ചു പറയുന്നത് അനുവദിച്ചു കൊടുക്കാവുന്നതാണോയെന്ന് സാംസ്കാരിക നഗരി ആലോചിക്കണം. പൂരം ഇപ്പോഴത്തെ അനിശ്ചിതത്തിൽ എത്തിച്ചതിന് പിന്നിൽ സർക്കാരിനുള്ള പങ്ക് ചെറുതാക്കാനാവില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ആശങ്കക്ക് ആദ്യം പരിശോധിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് സർക്കാരായിരുന്നു. പക്ഷേ, തൃശൂരിലെ മന്ത്രി വലിയ വായിൽ പ്രഖ്യാപിച്ചു. ഡി.എം.ഒയുടെ അഭിപ്രായത്തെ പുല്ലുവില കൊടുത്ത് തള്ളി, പൂരം പ്രൗഢിയോടെ എല്ലാ ചടങ്ങുകളോടെയും നടത്തുമെന്ന്. പൂരപ്രമാണിക്ക് നൂറ് മാർക്ക് നൽകിയ മന്ത്രിയുടെ പ്രഖ്യാപനം. ഇതും പോരാഞ്ഞ് വഴിനീളെ ഫ്ളക്സ് ബോർഡുകളും ഉയർന്നു. പൂരം പ്രൗഢിയോടെ നടത്തും. കാര്യമായി പ്രതികരണം നടത്താതെ തന്നെ വിഷയം അവിടെ അവസാനിക്കുമെന്നിരിക്കെ മന്ത്രിയുടെ പ്രഖ്യാപനം ഇത് വഷളാക്കുകയും പൂരപ്രമാണിമാർക്ക് അവസരമൊരുക്കുകയുമായിരുന്നു. മന്ത്രിയുടെ പ്രതികരണത്തിന് തൊട്ടു പിന്നാലെയാണ് പൂരം നടത്താൻ സർക്കാർ ഉറപ്പ് നൽകണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡണ്ടും തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ പത്മജവേണുഗോപാൽ തെരഞ്ഞെടുപ്പ് മുതലെടുപ്പുമായി ഉപവാസ സമരം നടത്തിയത്. അതിന് മുമ്പ് ബി.ജെ.പി സംസ്ഥാന വക്താവുമായ ഗോപാലകൃഷ്ണന്റെ ഉപവാസം. മതത്തിന്റെ അതിർവരമ്പുകളിട്ടും കക്ഷിരാഷ്ട്രീയത്തിന് ആയുധമാക്കിയും ഇതുവരെയും വിട്ടുകൊടുക്കാത്തതാണ് തൃശൂർ പൂരത്തിനെ വ്യത്യസ്തമാക്കുന്നതും. തൃശൂർ പൂരത്തിന്റെ മുഖ്യസംഘാടകനായിരുന്ന അന്തരിച്ച പ്രഫ.എം.മാധവൻകുട്ടിയും പ്രായാധിക്യത്താൽ വിശ്രമ ജീവിതത്തിലായ കെ.മനോഹരൻ അടക്കമുള്ളവരും തൃശൂർ പൂരത്തിന്റെ ഈ മഹിമയെ തനിമയോടെ നിലനിറുത്താൻ ശ്രമിച്ചവരിലെ കണ്ണികളാണ്. പൂരം നടത്തിപ്പിന് പ്രതിസന്ധി നേരിടുമ്പോൾ ഏതെങ്കിലും ഒരാളല്ല അതിൽ ആശങ്കപ്പെടാറുള്ളത്. ആനയെഴുന്നെള്ളിപ്പിന് വിലക്ക് വന്നപ്പോൾ പൂരം നിറയുന്ന തെക്കേചരുവിൽ ഉപവാസമിരിക്കാനെത്തിയത് തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പാണ്. കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കുമതീതമായി ആയിരങ്ങളുടേതാണ് തൃശൂർ പൂരം. തൃശൂർ പൂരത്തിന് ആചാരാനുഷ്ഠാനങ്ങളുമായോ, താന്ത്രിക ചടങ്ങുകളുമായോ, വിശ്വാസങ്ങളുമായോ ഒരു ബന്ധവുമില്ലെന്നത് ചരിത്രമാണ്. ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന് ശക്തൻ തമ്പുരാൻ തന്റെ പ്രജകളുടെ (ജാതിയും മതവും, ധനികനും പാവപ്പെട്ടവനുമെന്ന വ്യത്യാസമില്ല) സന്തോഷത്തിന് സൃഷ്ടിച്ച പൂരം. പൂരം നടത്താൻ തേക്കിൻ കാട് വെട്ടിത്തെളിക്കാനെത്തിയ തമ്പുരാനെ ‘ഇതെന്റെ ജഡ’യാണെന്ന് പറഞ്ഞ് വിലക്കിയ ദൈവ പ്രതി പുരുഷൻ കോമരത്തിന്റെ തലയറുത്തിടുമ്പോൾ ശക്തൻ തമ്പുരാൻ പറഞ്ഞത് നാടിന്റെ വികസനത്തിനെതിരെയുള്ള ഒരു ആചാരവും അനുവദിക്കില്ലെന്നാണ്. ഇന്ന് മഹാമാരിക്കാലത്ത് പൂരം ചടങ്ങിലൊതുക്കണമെന്ന് നാടാകെ പറയുമ്പോൾ ഒരു മഹാപ്രമാണി പറയുകയാണ് ആചാരപരമാണ്, താന്ത്രിക ചടങ്ങുകൾ നടത്തിയെന്ന്. അത് കേട്ട് മണ്ടൻമാരായവർ ചിലർ ശരിയെന്ന് ധരിച്ചു. മുതലെടുപ്പിന്റെ രാഷ്ട്രീയക്കാർ ഇത് തന്നെ തക്കം പാർത്തു. തൃശൂർ പൂരത്തിൽ ആചാരത്തിനും താന്ത്രിക ചടങ്ങുകൾക്കും ഒരു ബന്ധവുമില്ലെന്ന് കൊടിയേറ്റം മാത്രം നോക്കിയാൽ മതിയാകും. ദൈവത്തിന്റെ പിതൃസ്ഥാനീയനായ തന്ത്രിയും മേൽശാന്തി അടക്കമുള്ള നമ്പൂതിരിമാരും വെറും നോക്കുകുത്തികളായി നിൽക്കുമ്പോൾ കൊടിമരത്തിന്റെ ഭൂമി പൂജ നിർവഹിക്കുന്നത് ആശാരിയാണ്. ഇത് താന്ത്രികാവകാശമല്ല, പാരമ്പര്യാവകാശമാണ്. ആചാരാനുഷ്ഠാനങ്ങൾ ഏറെയുള്ള കാട്ടകാമ്പാൽ പൂരവും ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉൽസവവും ഉൾപ്പെടെ ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചത് പണ്ഡിതരായ തന്ത്രി പ്രമുഖരുടെ നിർദ്ദേശത്തിലാണ്. സാഹചര്യം മനസിലാക്കാതെ എന്ത് ചടങ്ങുകൾക്കും ഒരു പ്രസക്തിയുമില്ല. പൂരം നടത്താൻ നേതൃത്വം നൽകുന്ന ക്ഷേത്രങ്ങൾക്കും തന്ത്രിമാരുണ്ട്. അവരെങ്കിലും നിർദ്ദേശം നൽകേണ്ടതായിരുന്നു. പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് ശക്തൻ തമ്പുരാൻ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾക്ക് മുഖ്യചുമതല നൽകിയത്. മറ്റാർക്കും അത് കഴിയാത്തത് കൊണ്ടല്ലെന്ന് കൂടി ഓർക്കണം. വെല്ലുവിളിച്ച് പൂരം നടത്തുകയെന്നത് തൃശൂർ ലോകത്തിന് സമർപ്പിച്ച വിസ്മയക്കാഴ്ചയായ തൃശൂർ പൂരത്തിനെ അപമാനിതമാക്കുന്നതാണ്. ആരെയാണ് വെല്ലുവിളിക്കുന്നത്. ഈ നാട്ടിലെ ജനങ്ങളെയോ, ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് വിശ്രമമില്ലാതെ പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരേയോ, പോലീസിനെയോ, അതിനെ ഏകോപിപ്പിക്കുന്ന സർക്കാരിനെയോ. മറ്റ് ഉൽസവാഘോഷങ്ങളും വെല്ലുവിളിച്ച് നടത്താൻ അറിയാത്തവരല്ല, അവിടെയുള്ളവരും. ഉൽസവാഘോഷങ്ങൾ നാടിനും ജനങ്ങൾക്കുമുള്ളതാണെന്ന സാമാന്യ തിരിച്ചറിവാണ്. അത് വേണ്ടെന്ന് വെക്കാനെടുത്ത തീരുമാനം. വൈകിയാണെങ്കിലും തിരുവമ്പാടിയും ഘടക ക്ഷേത്രങ്ങളും പൂരം ചടങ്ങുകളിലൊതുക്കാനെടുത്ത തീരുമാനത്തെ അഭിനന്ദിക്കുക തന്നെ വേണം. നിങ്ങളെ ഈ നാട് നന്ദിയോടെ തന്നെ ഓർക്കുമെന്ന കാര്യത്തിൽ തർക്കമില്ല. 15 ആനയെ തന്നെ എഴുന്നെള്ളിക്കുമെന്നത് വെല്ലുവിളിയാണ്. ഒരു വ്യക്തിയെടുക്കുന്ന തീരുമാനത്തിന് ഒരു ഭരണസമിതി കൂട്ടു നിൽക്കുന്നുവെങ്കിൽ ഈ നാട് നിങ്ങളോട് കണക്ക് ചോദിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. പൂരം പ്രദർശന നഗരിയുടെ പ്രവർത്തനം ആരോഗ്യവകുപ്പ് മുമ്പ് മുന്നറിയിപ്പ് നൽകിയപ്പോഴും ഡി.എം.ഒയെ അധിക്ഷേപിക്കുകയായിരുന്നു. ഇപ്പോൾ പ്രദർശന നഗരിയിലെ സ്റ്റാളിലെ ജീവനക്കാരിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ച് പ്രദർശന നഗരി അടക്കാൻ ഇടയാക്കിയത് ആരുടെ വെല്ലുവിളിയുടെ ഭാഗമായിട്ടാണെന്ന് ഓർത്താൽ മതി. നാടിനെ ജനങ്ങളെ സർക്കാരിനെ വെല്ലുവിളിച്ചും സർക്കാർ ഉദ്യോഗസ്ഥരെ പുലഭ്യം പറഞ്ഞും ഒരു പൂരപ്രമാണി ഈ നാട്ടിൽ കൂടി ഇപ്പോഴും വിലസി നടക്കുന്നത് ജനാധിപത്യമെന്ന സവിശേഷത കൊണ്ടാണെന്ന് വെല്ലുവിളിക്കുന്നവർ ഓർക്കണം. വോട്ടിന് വേണ്ടി, ജാതിയും മതവും പറഞ്ഞ്, പൂരത്തിന്റെയും പെരുന്നാളിന്റെയും വാലിൽ തൂങ്ങുന്ന രാഷ്ട്രീയക്കാരും ഈ നാടിന് അപമാനമാണ്. ലോകത്തെ വിസ്മയിപ്പിക്കുന്ന തൃശൂർ പൂരത്തിന്റെ പേരിൽ ഇന്ന് സാംസ്കാരിക നഗരി അപമാനത്താൽ തല കുനിക്കേണ്ടി വരുന്നത് ഈ നാട് കാണുന്നുണ്ട്.