അവസാനിക്കാതെ പോസ്റ്റർ തലവേദന: ആലപ്പുഴയിലും ചേലക്കരയിലും കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ പോസ്റ്ററുകൾ, ശ്രീകുമാറിനെ വേണ്ടെന്ന് ചേലക്കര സേവ് കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡുകൾ

98

പോസ്റ്റര്‍ തലവേദന കോണ്‍ഗ്രസിൽ അവസാനിക്കുന്നില്ല. ആലപ്പുഴയിലും തൃശൂർ ചേലക്കരയിലും സ്ഥാനാർഥികൾക്കെതിരെ പോസ്റ്ററുകൾ പതിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴയിൽ ഡി.സി.സി. ഓഫീസ് കെട്ടിടത്തില്‍ ഉള്‍പ്പെടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ പതിപ്പിച്ചിരിക്കുന്നത്. 

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും വ്യാപക പ്രതിഷേധമുണ്ട്. ഇന്നലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ തോതില്‍ അസംതൃപ്തി പടര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.സി.സിയ്ക്കു മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ വേണ്ട, അമ്പലപ്പുഴയെ അറിയുന്ന സ്ഥാനാര്‍ഥിയെ മണ്ഡലത്തിന് മതി തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. ഉമ്മന്‍ ചാണ്ടിക്കും സുധീരനും കെ.സി. വേണുഗോപാലിനും എതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളുമുണ്ട്. സുധീരനെ പുറത്താക്കണമെന്നും ചില പോസ്റ്ററുകളില്‍ ആവശ്യമുണ്ട്.

ചേലക്കരയിൽ സി.സി ശ്രീകുമാറിനെതിരെ പോസ്റ്റാറുകൾക്ക് പകരം ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിജയസാധ്യതയില്ലാത്ത ശ്രീകുമാറിനെ ചേലക്കരക്ക് വേണ്ട എന്ന് ഫ്ലക്സ് ബോർഡ്. ചേലക്കരയിലെ വിവിധ ഇടങ്ങളിൽ ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചു.