‘ഞാൻ നന്നായി കളിച്ചു, കൂടെയുണ്ടായിരുന്നവർ കളിച്ചില്ല’: അശോക് ചവാൻ സമിതിക്ക് മുന്നിൽ പരാജയ കാരണങ്ങൾ നിരത്തി ചെന്നിത്തല; പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ നന്നായി പ്രവർത്തിച്ചു, സംഘടന ദൗർബല്ല്യം മൂലം സ്ലിപ് കൊടുക്കുന്നത് പോലും നടന്നില്ലെന്ന് രമേശ്‌ ചെന്നിത്തല

14

കോവിഡും സംഘടനാ ദൗര്‍ബല്യവുമാണ് തെരഞ്ഞെടുപ്പ് തോൽവിയിലെ പ്രധാന കാരണമെന്ന് രമേശ് ചെന്നിത്തല. അശോക് ചവാന്‍ സമിതിക്ക് മുന്നിലാണ് ചെന്നിത്തല കാരണങ്ങൾ നിരത്തിയത്. പരാജയത്തിന്റ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം സമിതിക്ക് മുമ്പില്‍ വ്യക്തമാക്കി.

കോവിഡ് മൂലം സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആയില്ല. സര്‍ക്കാരിന്റെ അഴിമതികള്‍ തനിക്കു തുറന്ന് കാട്ടാന്‍ കഴിഞ്ഞു. അതിന് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കി. സംഘടനാ ദൗര്‍ബല്യം മൂലം താഴെ തലത്തിലേക്കു എത്തിക്കാന്‍ ആയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൂത്ത് കമ്മിറ്റികള്‍ പലതും നിര്‍ജ്ജീവമാണെന്നും സ്ലിപ് പോലും വീടുകളില്‍ എത്തിക്കാന്‍ ആയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സി.എ.എ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം സി.പി.എമ്മിന് അനുകൂലമായി. കന്ദ്രത്തില്‍ ഭരണം ഇല്ലാത്ത കോണ്‍ഗ്രസ്സിനെക്കാള്‍ എല്‍ഡിഎഫിന് അനുകൂല ന്യൂനപക്ഷ വികാരം ഉണ്ടായി. മുസ്‌ലിം വോട്ടുകള്‍ ഇടതു പക്ഷത്തേക് മറിഞ്ഞു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.