കോവിഡ് ലോക്ക് ഡൗൺ: 2020ൽ സംസ്ഥാനത്ത് റോഡപകടങ്ങൾ കുത്തനെ കുറഞ്ഞു

18

2020ൽ സംസ്ഥാനത്ത് റോഡപകടങ്ങൾ കുത്തനെ കുറഞ്ഞെന്ന് കേരള പോലീസിന്റെ കണക്ക്. മരണനിരക്കും മുൻവർഷത്തെ അപേക്ഷിച്ച് പകുതിയായതായി പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡിനെത്തുടർന്ന് ലോക്‌ഡൗണുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് അപകട കണക്കിലെ ഈ കുറവിന് കാരണം.

2019-ൽ സംസ്ഥാനത്ത് ആകെ 41,111 റോഡപകടങ്ങളായിരുന്നു നടന്നത്. 46,055 പേർക്ക് പരിക്കേൽക്കുകയും 4440 പേർ മരിക്കുകയും ചെയ്തു. അതേസമയം 2020-ൽ ആകെ നടന്ന അപകടം 27,877-ഉം പരിക്കുപറ്റിയവർ 30,510-ഉം മരണം 2979 ആയും കുറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കുറവ് അപകടങ്ങൾ കഴിഞ്ഞ വർഷമാണ്.

2020 മാർച്ച് അവസാനവാരത്തോടെയാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. റോഡിൽ വാഹനങ്ങൾ ഇറങ്ങാതായതോടെ അപകടങ്ങളും ഗണ്യമായി കുറഞ്ഞു. ജനുവരിയിൽ 3975-ഉം ഫെബ്രുവരിയിൽ 3726-ഉം റോഡപകടങ്ങളുണ്ടായപ്പോൾ, മാർച്ചിൽ ഇത് 2847-ഉം ഏപ്രിലിൽ 439-ഉം ആയി കുറഞ്ഞു. പിന്നീട് ഡിസംബർവരെ അപകടം മൂവായിരത്തിന് മുകളിലേക്ക് പോയിട്ടില്ല. എന്നാൽ 2021-ൽ മാർച്ച് വരെയുള്ള കണക്കുപ്രകാരം 10,554 അപകടങ്ങളിലായി 11,847 പേർക്ക് പരിക്കേൽക്കുകയും 1093 പേർ മരിക്കുകയും ചെയ്തു.

കൂടുതലും ഇരുചക്രവാഹനാപകടം

ഈ കാലയളവിൽ അപകടത്തിൽപ്പെട്ടതിൽ കൂടുതലും ഇരുചക്രവാഹനങ്ങളാണ്. മോട്ടോർ സൈക്കിളിലും സ്കൂട്ടറിലുമായി 11,831 പേരാണ് കഴിഞ്ഞവർഷം അപകടത്തിൽപ്പെട്ടത്. ഇതിൽ 1239 പേർ മരിച്ചു. അപകടത്തിന്റെ എണ്ണത്തിൽ രണ്ടാമത് കാറുകളാണ്. 7729 കാറപകടങ്ങൾ നടന്നതിൽ 614 പേരാണ് മരിച്ചത്. 2458 ഓട്ടോറിക്ഷാ അപകടങ്ങളിൽ സംസ്ഥാനത്ത് 146 മരണങ്ങളും സംഭവിച്ചിട്ടുണ്ട്.