ആർ.എസ്.എസ് കേരള പ്രാന്തകാര്യവാഹ് ആയി ഇരിങ്ങാലക്കുട സ്വദേശി പി. എന്‍. ഈശ്വരനെ നിയോഗിച്ചു: പി. ഗോപാലൻകുട്ടി മാസ്റ്റർ ഇനി പ്രാന്തകാര്യകാരി സദസ്യൻ; പ്രഖ്യാപിച്ചത് ബാംഗ്ലൂരിൽ പ്രതിനിധി സഭയിൽ

47

ആർ.എസ്.എസ് കേരള പ്രാന്തകാര്യവാഹ് (സംസ്ഥാന സെക്രട്ടറി) ആയി പി. എന്‍. ഈശ്വരനെ നിയോഗിച്ചു. ബംഗലൂരുവില്‍ നടന്ന ആര്‍. എസ്. എസ്. അഖിലഭാരതീയ പ്രതിനിധി സഭയിൽ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണനെ കേരളവും തമിഴ്‌നാടും ചേര്‍ന്ന ദക്ഷിണക്ഷേത്രത്തിന്റെ സഹ കാര്യവാഹകാകും. കെ. പി. രാധാകൃഷ്ണന്‍ (കൊയിലാണ്ടി), ടി. വി. പ്രസാദ്ബാബു (തിരുവനന്തപുരം) എന്നിവരാണ് പുതിയ പ്രാന്ത സഹകാര്യവാഹകന്മാര്‍.

ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയായ പി. എന്‍. ഈശ്വരന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രാന്തസസഹകാര്യവാഹ് ആയിരുന്നു. വിദ്യാഭ്യാസവകുപ്പില്‍നിന്നും സീനിയര്‍ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം പ്രാന്ത ബൗദ്ധിക് പ്രമുഖ്, എറണാകുളം വിഭാഗ് കാര്യവാഹ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം തൃശൂര്‍ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബി. എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ച സതീദേവിയാണ് ഭാര്യ. രാഹുല്‍ (കനറാ ബാങ്ക്), രേവതി (ദന്തഡോക്ടര്‍) മക്കളാണ്. കേരള പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണന്‍ കൊല്ലം പുത്തൂര്‍ സ്വദേശിയാണ്. താലൂക്ക്, ജില്ല, വിഭാഗ്, പ്രാന്തതലങ്ങളിലായി 20 വര്‍ഷം പ്രചാരകനായിരുന്നു. പ്രാന്ത സഹസേവാപ്രമുഖ്, പ്രാന്ത കാര്യകാരി സദസ്യന്‍ എന്നീ  ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്നു. ഇപ്പോള്‍ ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറാണ്. എറണാകുളത്ത് താമസം. ഭാര്യ അജിത. ഭവാനി ഏക മകള്‍.

കൊയിലാണ്ടി ചേലിയ സ്വദേശിയായ കെ. പി. രാധാകൃഷ്ണന്‍ പ്രാന്ത ബൗദ്ധിക് പ്രമുഖായിരുന്നു. തിരു വണ്ണൂര്‍ കോട്ടണ്‍ മില്ലില്‍നിന്ന് സ്വയം വിരമിച്ചശേഷം കേസരി വാരികയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുരുക്ഷേത്ര പ്രകാശന്റെ ചീഫ് എഡിറ്ററുമായിരുന്നു. ഭാര്യ രാജി. സുമേധ, നിരഞ്ജന എന്നിവര്‍ മക്കളാണ്.

തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയായ ടി. വി. പ്രസാദ് ബാബു തിരുവനന്തപുരം സംഭാഗ് കാര്യവാഹ് ആയിരുന്നു. ജന്മഭൂമി ദിനപത്രത്തിന്റെ സര്‍ക്കുലേഷന്‍ മാനേജരാണ്. 17 വര്‍ഷം സംഘപ്രചാരകനായിരുന്നു. കോഴിക്കോട്, എറണാകുളം വിഭാഗുകളുടെ പ്രചാരകനായിരുന്നു. ഭാര്യ മീര, മകള്‍ നിവേദിത.

നിലവില്‍ പ്രാന്തകാര്യവാഹായിരുന്ന പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രാന്തകാര്യകാരി സദസ്യനായി പ്രവര്‍ത്തിക്കും.