‘സാന്ദ്രാകോട്ടസ് വിജയകുമാറി’: നെല്ലിയാമ്പതിയില്‍ കണ്ടെത്തിയ പുതിയ വണ്ടിന് മലയാളിയായ ശാസ്ത്രലേഖകന്റെ പേര്

6

നെല്ലിയാമ്പതിയിലെ കുണ്ടറചോലയില്‍ കണ്ടെത്തിയ പുതിയ വണ്ടിന് മലയാളിയായ ശാസ്ത്രലേഖകന്റെ പേര്. പ്രാണികളുടേയും ചെറുജീവികളുടേയും പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് സാധാരണക്കാരിലും വിദ്യാര്‍ഥികളിലും താത്പര്യം ജനിപ്പിക്കുന്നതിന്, ലളിതവും രസകരവുമായ കുറിപ്പുകള്‍ എഴുതുന്ന വിജയകുമാര്‍ ബ്ലാത്തൂരിനോടുള്ള ബഹുമാനാര്‍ഥമാണ് പുതിയ മുങ്ങാങ്കുഴി വണ്ടി (diving beetle) ന് ‘സാന്ദ്രാകോട്ടസ് വിജയകുമാറി’ (Sandracottus vijayakumari) എന്ന് പേര് നല്‍കിയത്. 

പ്രളയശേഷം കേരളത്തിലുണ്ടായ ജൈവ വൈവിധ്യ ശോഷണത്തിന്റെ അളവും വ്യാപ്തിയും കണ്ടെത്താന്‍ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ പാലക്കാട് വിക്ടോറിയ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിനിടെയാണ് പുതിയ വണ്ടിനെ കണ്ടെത്തിയത്. ‘ജേണല്‍ ഓഫ് ത്രെട്ടന്‍ഡ് ടാക്‌സ’യുടെ ഏറ്റവും  പുതിയ ലക്കത്തിലാണ്  പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. 

കണ്ണൂര്‍ ജില്ലയിലെ ബ്ലാത്തൂര്‍ സ്വദേശിയായ വിജയകുമാര്‍, ഊരത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓണ്‍ലൈന്‍ സയന്‍സ് മാസികയായ ‘ലൂക്ക’യുടെ പത്രാധിപസമിതി അംഗമായ വിജയകുമാര്‍, ശാസ്ത്രകേരളം മാസികയുടെ പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കോഴിക്കോട് സര്‍വകലാശാല സുവോളജി വിഭാഗത്തിലെ ഗവേഷണവിദ്യാര്‍ഥിയായ പി.പി.ആനന്ദ് ആണ് വണ്ടിനെ കണ്ടെത്തിയ സംഘത്തിലെ പ്രധാനി. സാലിം അലി പക്ഷി ഗവേഷണ കേന്ദ്രത്തിലെ ഗവേഷകന്‍ ആഷിക്ക് പി.പി, കോട്ടയം ഇരവിനലൂര്‍ സ്വദേശി ആദിത്യ മോഹന്‍, പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി സ്മിത, ആലപ്പുഴ വെളിയനാട്  സ്വദേശി ടിബിന്‍ എന്നിവരും പഠനത്തില്‍ പങ്കാളികള്‍ ആയിരുന്നു.