കേരള സംഗീത നാടക അക്കാദമി 2020ലെ ഫെലോഷിപ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: പിരപ്പൻകോടിനും വാസു പിഷാരടിക്കും തൃപ്പുണിത്തുറ രാധാകൃഷ്ണനും ഫെല്ലോഷിപ്പ്

13

കേരള സംഗീത നാടക അക്കാദമി 2020ലെ ഫെലോഷിപ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പിരപ്പൻകോട് മുരളി (നാടകം), കലാമണ്ഡലം വാസു പിഷാരടി (കഥകളി), തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (സംഗീതം-ഘടം) എന്നിവർ ഫെലോഷിപ്പിന് അർഹരായി. 17 പേർ അവാർഡിനും 19 പേർ ഗുരുപൂജ പുരസ്കാരത്തിനും അർഹരായി. പ്രശസ്തിപത്രവും ഫലകത്തിനുമൊപ്പം ഫെലോഷിപ് 50,000 രൂപയും, അവാർഡ്, ഗുരുപൂജ 30,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.

നാടകകൃത്തും ഗാനരചയിതാവുമായ പിരപ്പൻകോട് മുരളി പൊതുരംഗത്തും സജീവസാന്നിധ്യമാണ്.‘സംഘചേതന’യുടെ മുഖ്യശില്പികളിലൊരാളാണ്. നിരവധി നാടകങ്ങളും അമ്പതിലേറെ നാടകങ്ങളിൽ ഗാനരചനയും നിർവഹിച്ചിട്ടുണ്ട്.
പാലക്കാട് കോങ്ങാട് സ്വദേശിയാണ് പ്രമുഖ കഥകളി വേഷക്കാരനായ കലാമണ്ഡലം വാസു പിഷാരടി. എല്ലാ പച്ചവേഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ചതിനോടൊപ്പം കത്തി, മിനുക്കുവേഷങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിൽ അധ്യാപകനായും വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിൽ ഘടത്തിന്റെ പര്യായമാണ് തൃപ്പൂണിത്തുറ രാധാകൃഷ്ണൻ. ഘടത്തിന്റെ സാധ്യതകളെ കച്ചേരികളിൽ സർഗാത്മകമാക്കിയ കലാകാരനാണ്. ഘടം വാദ്യത്തിൽ സുവർണജൂബിലി പിന്നിട്ടു.

നാടകത്തിന് രജനി മേലൂർ, ഇ എ രാജേന്ദ്രൻ, പ്രദീപ് മാളവിക, സുരേഷ് ബാബു ടി, ഗോപാലൻ അടാട്ട്, സി എൻ ശ്രീവത്സൻ എന്നിവരും മണലൂർ ഗോപിനാഥ് (ഓട്ടൻതുള്ളൽ), കെ വെങ്കിടരമണൻ (സംഗീത–-വായ്പ്പാട്ട്), ബാബു നാരായണൻ (വയലിൻ), പ്രേംകുമാർ വടകര (സംഗീത സംവിധാനം), റീന മുരളി (ലളിതഗാന ആലാപനം), നടേശ് ശങ്കർ (ലളിതസംഗീതം), കലാമണ്ഡലം ജിഷ്ണു പ്രതാപ് (കൂടിയാട്ടം), വിനയചന്ദ്രൻ (കേരളനടനം), കവിതാ കൃഷ്ണകുമാർ (മോഹിനിയാട്ടം), പെരിങ്ങോട് ചന്ദ്രൻ (തിമില), തൃക്കുളം കൃഷ്ണൻകുട്ടി (കഥാപ്രസംഗം) എന്നിവർ അവാർഡിന് അർഹരായി.

ഗുരുപൂജ പുരസ്കാരത്തിന് മീന ഗണേഷ്, രത്നമ്മ മാധവൻ, കൊച്ചിൻ ഹസനാർ, മീനാരാജ്, നിലമ്പൂർ മണി, ചെറായി സുരേഷ്, കുര്യനാട് ചന്ദ്രൻ, ഇ ടി വർഗീസ്, അജയൻ ഉണ്ണിപ്പറമ്പിൽ, പി വി കെ പനയാൽ (എല്ലാവരും നാടകം), കെ ആർ പ്രസാദ് (നൃത്തനാടകം), എം എസ് പ്രകാശ് (ഉപകരണസംഗീതം), ബബിൽ പെരുന്ന (തെരുവുനാടകം), ഇ വി വത്സൻ (ലളിതസംഗീതം), എം കെ വേണുഗോപാൽ (ബാലെ സംഗീതം), കലാമണ്ഡലം ശ്രീദേവി (ആറന്മുള–-ഭരതനാട്യം), ചവറ ധനപാലൻ (കഥാപ്രസംഗം), പരയ്ക്കാട് തങ്കപ്പൻ മാരാർ (തിമില), രമേശ് മേനോൻ (സംഗീതം) എന്നിവരും അർഹരായതായി സെക്രട്ടറി ഡോ. കെ പി മോഹനൻ അറിയിച്ചു.