കോൺഗ്രസിനും യു.ഡി.എഫിനും വിമർശനവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ; പ്രവർത്തന ശൈലി മാറണം, നാളെയിലെ രാഷ്ട്രീയം എങ്ങനെയാവുമെന്ന് പറയാനാവില്ലെന്നും ഷിബു ബേബി ജോൺ

16

കോൺഗ്രസിനും യു.ഡി.എഫിനുമെതിരെ വിമർശനവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. കോണ്‍ഗ്രസ് ഗൗരവമായി ചില കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. തീരുമാനങ്ങള്‍ തെറ്റോ ശരിയോ എന്ന് കാലം തെളിയക്കട്ടെ. സമയബന്ധിതമായി തീരുമാനങ്ങളുണ്ടാകണം. തീരുമാനം എടുത്താല്‍ അതില്‍ ഉറച്ച് നില്‍ക്കുക. ഇവിടെ എല്ലാ കാര്യത്തിലും ഉണ്ടായത് തീരുമാനമെടുക്കാനുള്ള താമസമാണ്. മറുഭാഗത്ത് കാര്യങ്ങള്‍ ചിട്ടയായി പോകുമ്പോള്‍ ജനങ്ങള്‍ക്ക് അവമതിപ്പുണ്ടാകും. ഒരു അച്ചടക്കം വേണം. അതാണ് പുതിയ തലമുറ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഷിബു പറഞ്ഞു.

കോണ്‍ഗ്രസിന്റേയും ആര്‍.എസ്.പിയുടേയും അനുഭാവികള്‍ മാറി വോട്ട് ചെയ്തിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അത് ഏതെങ്കിലും നേതാക്കളുടെ നിര്‍ദേശമായി കാണുന്നില്ല. അത്തരമൊരു നിഗമനമില്ല. വിശ്വാസമര്‍പ്പിച്ചിരുന്ന അനുഭാവികളായ സമൂഹത്തിനെ ചേര്‍ത്ത് പിടിക്കാനായില്ല.

2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കടന്നുവരവോട് കൂടി സംസ്ഥാന രാഷ്ട്രീയത്തില്‍ കാതലായ മാറ്റം സംഭവിച്ചു. പണ്ട് രാഷ്ട്രീയം വെച്ചായിരുന്നു ആളുകളെ അടയാളപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്ന് ജനിച്ച സമുദായം വെച്ചാണ് നോക്കുന്നത്. കേരളത്തിന്റെ നമ്മള്‍ അഭിമാനിച്ചിരുന്ന രാഷ്ട്രീയ പൈതൃകം നഷ്ടപ്പെട്ടുപോയി എന്നാണ് അനുമാനിക്കുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വാധീനം കടന്നുവരുന്ന കാഴ്ചയുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

മതത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ കടന്നുവരവോട് കൂടി കേരളത്തിലെ രാഷ്ട്രീയഘടന മാറിയെന്ന് തിരിച്ചറിയേണ്ടതുണ്ട്. വര്‍ഗീയ ധ്രുവീകരണം ഓരോ വിഭാഗത്തിലും എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍നിന്ന് താന്‍ അവധിയെടുത്തത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്നും പാര്‍ട്ടി അവധി അംഗീകരിച്ചിട്ടില്ലെന്നും ഷിബു വ്യക്തമാക്കി.

സംഘടനാ രംഗത്ത് നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് അവധിയായി കാണണമെന്നും പാര്‍ട്ടി സമിതിയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നുള്ള വ്യാഖ്യാനം തെറ്റാണ്. എന്നും ഒരു ആര്‍.എസ്.പിക്കാരനായി തന്നെ ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.പി ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. അതേ സമയം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. അതിനാലാണ് ലീവെടുത്തത്. ഒരു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മുന്നണി മാറേണ്ട സാഹചര്യമില്ല. അതേ കുറിച്ച് ആലോചിച്ചിട്ടുമില്ല. എന്നാൽ നാളെയിലെ രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും ഷിബു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് ഉൾപ്പെടെ വിവാദമായിരുന്നു.