സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം; ഹർജി നാളേക്ക് മാറ്റി

7

ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന കോവിഡ് ബാധിതനായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. സിദ്ദീഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസി ലേക്ക് മാറ്റണമെന്ന ആവശ്യം നാളെ പരിഗണിക്കാന്‍ കോടതി മാറ്റി.

20-ാം തീയതി കോവിഡ് സ്ഥിരീകരിച്ച കാപ്പനെ മധുരയിലെ കൃഷ്ണ മോഹന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാപ്പനെ ആശുപത്രിയില്‍ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യു കോടതിയെ അറിയിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആരോപണം നിഷേധിച്ചു. തുടര്‍ന്നാണ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.

ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസിലേക്കോ സഫ്ദര്‍ ജങ് ആശുപത്രിയിലേക്കോ സിദ്ദിഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അപേക്ഷയില്‍ ഇന്ന് തന്നെ വിശദമായ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വാദത്തില്‍ ഉണ്ടായ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ആണ് അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്. കേരള പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തിനും വേണ്ടി അഭിഭാഷകന്‍ വില്‍സ് മാത്യു ആണ് ഹാജരായത്.