നദ്ദയെ കാത്ത് തൃശൂർ: ആവേശത്തോടെ ബി.ജെ.പി പ്രവർത്തകർ, 10 മാസത്തെ ഇടവേളക്ക് ശേഷം ശോഭാ സുരേന്ദ്രൻ യോഗത്തിൽ, ദേശീയ അധ്യക്ഷൻ പറഞ്ഞതിൽ കൂടുതൽ പറയാനില്ലെന്ന് ശോഭ, കൂടുതൽ ചോദ്യങ്ങളോട് പ്രതികരിച്ചില്ല, ബാഡ്ജ് നൽകിയിട്ടും ധരിക്കാൻ വിമുഖത

57

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ കേരളത്തിലെ ആദ്യ പൊതു പരിപാടിക്കായി ആവേശത്തോടെ ഒരുങ്ങി തൃശ്ശൂർ. വൈകിട്ട് നാലിനാണ് പൊതുസമ്മേളനത്തെ ബിജെപി അദ്ധ്യക്ഷൻ അഭിസംബോധന ചെയ്യുക. രാവിലെ പത്തരയോടെ തൃശ്ശൂരിൽ എത്തുന്ന നദ്ദ വിവിധ പാർട്ടി പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. അതിൽ പ്രധാനപെട്ട കേരളത്തിലെ നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രനും പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാൻ ശോഭ ഹാളിൽ എത്തി. 10 മാസത്തെ ഇടവേളക്ക് ശേഷമാണ് ശോഭ ബിജെപി യോഗത്തിൽ പങ്കെടുക്കുന്നത്. 10 മണിയോടെ ഹാളിൽ എത്തിയ ശോഭ മാധ്യമങ്ങളോട് ചെറിയ ചിരിയിൽ ഒതുക്കി.ദേശീയ അധ്യക്ഷൻ പറഞ്ഞതിൽ കൂടുതലായി ഒന്നും പറയാനില്ലെന്ന് അറിയിച്ച ശോഭ കൂടുതൽ പ്രതികരണങ്ങൾക്കും മുതിർന്നില്ല. ഇന്ന്‌ മുതൽ ശോഭ സജീവമാകുമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ജെപി നദ്ദ കേരളത്തിലെത്തുന്നത്. കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലെ അദ്ധ്യക്ഷൻമാരുമായും എൻഡിഎ കൺവീനർമാരുമായും ദേശീയ അദ്ധ്യക്ഷൻ സംവദിക്കും. തുടർന്ന് വൈകിട്ട് നാലുമണിയോടെ വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും.

വിവിധ ഭാരവാഹികളുടെ യോഗത്തിന് പുറമേ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുമായും അദ്ദേഹം തൃശൂരിൽ കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് കൂടിയാണ് ഇന്നത്തെ പൊതുസമ്മേളനത്തോടെ ആരംഭിക്കുക.