കാർഷിക നിയമത്തിനെതിരെ പ്രമേയവുമായി സംസ്ഥാനം: പുതിയ നിയമം സംരക്ഷിക്കുന്നത് കോർപറേറ്റുകളുടെ താല്പര്യമെന്ന് മുഖ്യമന്ത്രി: ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്ന് കോൺഗ്രസ്, പ്രമേയത്തിൽ പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശം, പ്രമേയത്തിലെ പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരായ പരാമർശങ്ങളെ എതിർത്ത് ഒ.രാജഗോപാൽ

35

പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായ വില ഉറപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറുകയാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂന്നു വിവാദ നിയമങ്ങളും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.

ഗ്രാമച്ചന്തകള്‍ (മണ്ഡി) തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാറിന്റേത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കര്‍ഷകരുടേത് ഐതിഹാസിക സമരമാണ്. ഇതുവരെ കാണാത്ത ഇച്ഛാശക്തിയാണ് സമരത്തിനുള്ളത്. പുതിയ നിയമങ്ങള്‍ പ്രകാരം ഗ്രാമച്ചന്തകള്‍ക്ക് പകരം കോര്‍പറേറ്റ് ഔട്ട്‌ലറ്റുകളാണ് വരിക. കോര്‍പറേറ്റുകളോട് യുദ്ധം ചെയ്യാനുള്ള ശേഷി കര്‍ഷകര്‍ക്കില്ല. കര്‍ഷകര്‍ക്ക് ന്യായ വില ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിയുകയാണ്- അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തു നിന്ന് പ്രമേയത്തെ പിന്തുണച്ചു സംസാരിച്ച മുന്‍ മന്ത്രി കെസി ജോസഫ് ചില ഭേദഗതികള്‍ നിര്‍ദേശിച്ചു. കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രത്യേക നിയമം കൊണ്ടു വരണമെന്ന് ജോസഫ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നിയമം കൊണ്ടുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ ഡിസംബര്‍ 23 ന് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ. കെ ബാലന്‍, വി. എസ് സുനില്‍കുമാര്‍ എന്നിവര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കേണ്ടതിന്‍റെ അടിയന്തര പ്രധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നല്‍കി. അതിന് ശേഷമാണ് ഗവര്‍ണറുടെ അനുമതി ലഭിച്ചത്. പ്രമേയത്തിലെ കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരായ പരാമർശങ്ങളെ ബിജെപി നേതാവ് ഒ. രാജഗോപാൽ എതിർത്ത് സംസാരിച്ചു.