കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കായിക മത്സരങ്ങള്‍ നടത്താം: കേന്ദ്ര കായിക മന്ത്രാലയത്തിന്റെ മാർഗരേഖ പുറത്തിറങ്ങി

24

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കായിക മത്സരങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കി. സ്റ്റേഡിയത്തില്‍ 50 ശതമാനം ആള്‍ക്കാരെ പ്രവേശിപ്പിക്കാം. കായിക മത്സരത്തിന്റെ വലുപ്പവും രോഗ വ്യാപന സാധ്യതയും കണക്കിലെടുത്ത് മത്സരം ആരംഭിക്കുന്നതിന് 72 മണിക്കൂറിന് ഉള്ളില്‍ കായിക താരങ്ങള്‍ക്ക് ആര്‍ ടി – പി സി ആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആര്‍ ടി പി സി ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാവൂ എന്നാണ് മാര്‍ഗ്ഗരേഖയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കണ്ടൈന്‍മെന്റ് സോണില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കരുത്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കായിക താരം ഉള്‍പ്പടെ എല്ലാവര്ക്കും തെര്‍മല്‍ പരിശോധന നിര്‍ബന്ധമായിരിക്കും.

സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്ന കായിക താരങ്ങളെയും അവരോട് ഒപ്പമുള്ളവരെയും നിരീക്ഷിക്കുന്നതിന് കോവിഡ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണം. കായിക താരത്തിന്റെ യാത്ര ഉള്‍പ്പടെയുള്ള കാര്യങ്ങളും ടാസ്‌ക് ഫോര്‍സ് നിരീക്ഷിക്കണം. സ്റ്റേഡിയത്തിനുള്ളില്‍ മാസ്‌കുകള്‍ നിര്‍ബന്ധം. സാമൂഹിക അകലം ഉറപ്പാക്കണം. കഴിവതും ആറടി അകലം ഉറപ്പാക്കണം എന്നാണ് കായിക മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ്ഗരേഖയില്‍  നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ബാധകമായിരിക്കില്ല. 

സ്റ്റേഡിയത്തില്‍ തിരക്ക് ഒഴിവാക്കണം. തിരക്ക് നിരീക്ഷിക്കാനായി സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണം. ശുചി മുറികളുള്‍പ്പെടെ എല്ലായിടങ്ങളും കൃത്യമായ ഇടവേളകളില്‍ അണുമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മത്സരങ്ങള്‍ കേന്ദ്ര ആഭ്യന്തര ആരോഗ്യ മന്ത്രാലയങ്ങള്‍ പുറത്ത് ഇറക്കുന്ന പൊതു നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം. സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി ഉണ്ടെങ്കില്‍ മാത്രമേ മത്സരങ്ങള്‍ നടത്താന്‍ കഴിയു എന്നും കേന്ദ്ര കായിക മന്ത്രാലയം പുറത്ത് ഇറക്കിയ മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.