എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമില്ല: മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് നിർദേശം

6

എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ നേരത്തെ തന്നെ കൈമാറിയിട്ടുള്ളതാണ്. പരീക്ഷ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂര്‍ത്തികരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുള്ളതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

അധ്യാപകരും അനധ്യാപക ജീവനക്കാരും പരീക്ഷ കേന്ദ്രങ്ങളില്‍  നിര്‍ബന്ധമായും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ഉപയോഗിക്കണം. വിദ്യാര്‍ഥികള്‍ കഴിയുന്നതും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ധരിക്കണം. ഇക്കാര്യം ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തണം. 

സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ കടത്തിവിടാവൂ. സാനിറ്റൈസറിന്റേയും സോപ്പിന്റേയും ലഭ്യത ഉറപ്പുവരുത്തണം. കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍, ക്വാറന്റീനിലുള്ളവര്‍, ശരീരോഷ്മാവ് കൂടിയവര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളില്‍ പരീക്ഷ എഴുതുന്നതിനുള്ള സജ്ജീകരണങ്ങള്‍ സ്‌കൂള്‍ തലങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

പരീക്ഷ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എത്തിചേരുന്നതിനുള്ള ഗതാഗത സൗകര്യം ഉറപ്പുവരുത്താന്‍ പ്രഥമധ്യമാപകര്‍ നടപടി സ്വീകരിക്കണം. ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണതോതില്‍ പാലിക്കപ്പെടുന്നതിന് ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും പിടിഎ/എസ്.എം.സി തുടങ്ങിയവരുടെയും പൂര്‍ണ്ണതോതിലുള്ള സാന്നിധ്യവും സഹകരണവും ലഭ്യമാകുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.