സി.പി.എമ്മിന് എൻ.എസ്.എസിന്റെ മറുപടി: എൻ.എസ്.എസിനെ വളഞ്ഞ വഴിയിൽ ഉപദേശിക്കേണ്ടെന്ന് സുകുമാരൻ നായർ; ആർ.എസ്.എസ് അടക്കം സംഘടനകളോട് സൗഹൃദമെന്നും സുകുമാരൻ നായർ

18

സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ലേഖനം മറുപടി അര്‍ഹിക്കാത്തതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതില്‍ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല. വിഷയത്തിന് മത-സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. പൊള്ളത്തരം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ പ്രതികരിച്ചത്. അല്ലാതെ പ്രസ്താവന നടത്തുകയായിരുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ മത-സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.എസ്.എസിനെ സിപിഎം വളഞ്ഞവഴിയില്‍ ഉപദേശിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് അടക്കം എല്ലാ സംഘടനകളുമായും ഒരേവിധത്തിലുള്ള സൗഹൃദമാണ് തങ്ങള്‍ക്കുള്ളതെന്നും സുകുമാരന്‍ നായര്‍ പറയുന്നു. ഏതെങ്കിലും സംഘടനയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ എന്‍എസ്എസിന് ഏതെങ്കിലും തരത്തിലുള്ള അടുപ്പക്കൂടുതലോ അകല്‍ച്ചയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.