മലങ്കര ഓര്‍ത്തോഡോക്‌സ് സഭ പരമാധ്യക്ഷ തെരഞ്ഞെടുപ്പ്: നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ ഇല്ല

4

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് ആരംഭിച്ച നടപടികള്‍ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം തിരെഞ്ഞെടുപ്പ് സുപ്രീംകോടതിയുടെ മുന്‍വിധിക്ക് എതിരാണെങ്കില്‍ കോടതിഅലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പിന് എതിരെ നല്‍കിയ അപേക്ഷ മറ്റ് കോടതി അലക്ഷ്യ ഹര്‍ജികള്‍ക്ക് ഒപ്പം എട്ട് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി. 

1934 ലെ സഭ ഭരണഘടന പ്രകാരമാണ് മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ കാതോലിക്കമാരെയും മെത്രാപോലീത്തമാരെയും തെരഞ്ഞെടുക്കേണ്ടത് എന്ന് സുപ്രീംകോടതി 2017 ല്‍ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഇന്ത്യക്ക് പുറത്തുള്ള ഓര്‍ത്തോഡോക്‌സ് പള്ളികള്‍ക്കും, ഇന്ത്യക്കാര്‍ അല്ലാത്തവര്‍ക്കും മലങ്കര അസോസിയേഷനില്‍ അംഗത്വം പാടില്ല എന്ന് 2017 ലെ വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതായും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു . അതിനാല്‍ പരമാധ്യക്ഷ തിരെഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇടക്കാല ഉത്തരവ് ഇറക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 2017 ലെ വിധിക്ക് എതിരായ കാര്യങ്ങള്‍ തിരെഞ്ഞടുപ്പില്‍ നടക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.