ലൈഫ്‌ കരട്‌ പട്ടികയിലെ ഒന്നാം ഘട്ടം അപ്പീൽ സമയം അവസാനിച്ചു: ലഭിച്ചത്‌ 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളും

7

ലൈഫ്‌ കരട്‌ പട്ടികയിലെ ഒന്നാം ഘട്ടം അപ്പീൽ സമയം അവസാനിച്ചപ്പോൾ ലഭിച്ചത്‌ 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളുമാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതിൽ 60,346 അപ്പീലുകൾ ഭൂമിയുള്ള ഭവനരഹിതരുടെയും 12792 അപ്പീലുകൾ ഭൂമിയില്ലാത്ത ഭവനരഹിതരുടെയുമാണ്‌. ഇതിന്‌ പുറമെ ലിസ്റ്റിൽ അനർഹർ കടന്നുകൂടിയെന്ന് ആരോപിച്ചുള്ള 37 ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്‌. പാലക്കാട്‌ ജില്ലയിൽ നിന്നാണ്‌ കൂടുതൽ അപ്പീൽ ലഭിച്ചത്‌. ജൂൺ 10ന്‌ പ്രസിദ്ധീകരിച്ച പട്ടികയിൽ ജൂൺ 17ന്‌ രാത്രി 12 മണി വരെയാണ്‌ ആദ്യഘട്ട അപ്പീലിന്‌ സമയം അനുവദിച്ചിരുന്നത്‌. ജൂൺ 29നകം ഒന്നാം ഘട്ടം അപ്പീലുകളും ആക്ഷേപങ്ങളും തീർപ്പാക്കും.

Advertisement

ഗ്രാമപഞ്ചായത്തിലെ അപ്പീലുകൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയും നഗരസഭകളിലേത്‌ നഗരസഭാ സെക്രട്ടറിയും കൺവീനർമാരായ സമിതികളാണ്‌ തീർപ്പാക്കുക. ജൂൺ 29നകം എല്ലാ ആക്ഷേപങ്ങളും അപ്പീലുകളും തീർപ്പാക്കി ജൂലൈ 1ന്‌ പുതിയ പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽ ജൂലൈ 8 വരെ രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാം. കളക്ടർ അധ്യക്ഷനായ സമിതിയാണ്‌ ഈ അപ്പീലുകളും ആക്ഷേപങ്ങളും പരിഗണിക്കുക. രണ്ടാം ഘട്ടം അപ്പീലുകൾ തീർപ്പാക്കിയ ശേഷമുള്ള കരട്‌ പട്ടിക ജൂലൈ 22ന്‌ പ്രസിദ്ധീകരിക്കും. ഈ പട്ടിക ഗ്രാമ/വാർഡ്‌ സഭകളും, പഞ്ചായത്ത്‌/നഗരസഭാ ഭരണസമിതികളും ചർച്ച ചെയ്ത്‌ അംഗീകരിക്കും. ആഗസ്റ്റ്‌ 16നാണ്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

Advertisement