തൃശൂർ പൂരം: ലോകത്തിന് സംഭാവന ചെയ്ത സാംസ്കാരികോൽസവം; വിശ്വാസവും ആചാരവുമായി പുലബന്ധം പോലുമില്ല, പ്രജകളുടെ സന്തോഷത്തിന് വേണ്ടി ശക്തൻ തമ്പുരാൻ ഉണ്ടാക്കിയ പൂരം, പൂരത്തിന്റെ മറവിൽ മുതലെടുപ്പിന് അവസരം നൽകരുത്, ഉറഞ്ഞു തുള്ളിയെത്തിയ കോമരത്തിന്റെ തലയറുത്ത ശക്തൻ തമ്പുരാനെ ഓർക്കുന്നത് നല്ലത്

434

വീണ്ടും പൂര ചർച്ച നടക്കുകയാണ്. എന്തിനാണ്. ലോകമാകെ പടർന്ന് ജീവനപഹരിക്കുന്ന കോവിഡ് മഹാമാരിക്കാലത്ത് പ്രൗഢിയോടെ പൂരം നടത്തണമെന്നാണ് പൂരപ്രേമികളുടെ ആവശ്യം. കോവിഡ് കാലത്ത് നിയന്ത്രണം പാലിക്കണമെന്നാണ് മറുഭാഗം. പിൻമാറാനാവില്ലെന്നും താന്ത്രിക ചടങ്ങുകൾ തുടങ്ങിയെന്നും ദേവസ്വങ്ങളുടെ മറുപടി. നാളെ ചീഫ് സെക്രട്ടറിയുടെ സാനിധ്യത്തിൽ ചേരുന്ന യോഗത്തിൽ പൂരം നടത്തിപ്പിൽ തീരുമാനമെടുക്കും. തൃശൂർ പൂരം ലോകത്തിന് സംഭാവന ചെയ്ത മലയാളത്തിന്റെ മഹാ സാംസ്കാരികോൽസവമാണ്. ജാതിക്കും മതത്തിനും വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും മേലെയാണ് തൃശൂർ പൂരത്തിന്റെ സ്ഥാനം. ഇന്ന് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ പൂരത്തെ തളച്ചിടാൻ ശ്രമിക്കുന്നവരെ ചങ്ങലക്കിടേണ്ട സമയമായിരിക്കുന്നുവെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും തീര്‍ക്കുന്ന നാദത്തിന്റെ അലമാലകള്‍ തൃശൂർ പൂരത്തിന്റെ ആകർഷകങ്ങളാണ്. കുടമാറ്റത്തിന്റെ മഴവില്‍ഭംഗിയും, പുലര്‍ച്ചെ മൂന്നു മണിക്കു തുടങ്ങുന്ന കരിമരുന്നുകളുടെ ആകാശപൂരവും, പൂരപ്പിറ്റേന്ന് പ്രധാന ദേവതകള്‍ വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയില്‍നിന്ന് ഉപചാരം ചൊല്ലിപ്പിരിയലും ഒക്കെ കാണുവാനായി വർഷാവർഷം ലക്ഷക്കണക്കിന് പേർ പൂരപ്പറമ്പിൽ വന്നുപോകും. രാപ്പകൽ അലഞ്ഞാലും മതിവരാത്ത കാഴ്ചകൾ വീണ്ടുമെത്തുന്ന പൂരക്കാലം വരെയും കാത്തുവെക്കും. ശക്തൻ തമ്പുരാന്റെ കാലത്ത് മത്സര പൂരമായിരുന്നുവെങ്കിൽ പിന്നെയത് സൗഹാർദ്ദപൂരമായും വിപണി പൂരവുമായി മാറി. ഇപ്പോൾ ചില മുതലെടുപ്പുകാരുടെ പൂരവുമെന്ന് വിശേഷിപ്പിക്കാതെ നിവൃത്തിയില്ല.

11188350 970525236300296 7668151653071909497 n

പൂരം പിറന്നിട്ട് രണ്ടേകാല്‍ നൂറ്റാണ്ടാകുന്നതേയുള്ളൂ. പൂരത്തിന്റെ ചരിത്ര നാൾവഴികളിൽ പൂരം നടത്താതിരുന്ന സന്ദർഭങ്ങളും പലതുണ്ട്. മഴ കാരണവും മറ്റുമായി ചടങ്ങായി പൂരം ചില വര്‍ഷങ്ങളില്‍ നടത്തിയിട്ടുണ്ട്. 2020ലെ കോവിഡ് സാഹചര്യത്തിൽ പൂരം ചടങ്ങിലൊതുക്കിയിരുന്നു. അതിന് മുമ്പ് മഴ കാരണവും മറ്റുമായി ചടങ്ങായി പൂരം ചില വര്‍ഷങ്ങളില്‍ നടത്തിയിട്ടുള്ളത് മാത്രമല്ല. 1920ൽ ദിവാൻ വിജയരാഘവാചാരിയുടെ ക്രിസ്ത്യാനി പക്ഷപാതമെന്ന ആക്ഷേപത്തെ തുടർന്ന് ഹിന്ദുക്കൾക്കും നസ്രാണികൾക്കുമിടയിൽ പൊട്ടിപ്പുറപ്പെട്ട ചില അസ്വാരസ്യങ്ങൾ, ചരിത്രത്തിൽ പിന്നീട് തൃശൂർ ലഹള എന്ന പേരിൽ രേഖപ്പെടുത്തി. ഇത് അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ പൂരത്തിനുള്ള നേരമായിപ്പോയി. ദേശം പൂർണ്ണമായും സമാധാനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തിയിട്ടില്ലായിരുന്നതിനാൽ ആ വർഷം പൂരം നടത്തേണ്ട എന്ന് പാറമേക്കാവും, തിരുവമ്പാടിയും ഒരേ സ്വരത്തിൽ തീരുമാനമറിയിക്കുകയായിരുന്നു. അതിനുശേഷം, 1930ൽ നിലയ്ക്കാതെ പെയ്ത മഴ പൂരം ചടങ്ങുമാത്രമാക്കി. എന്നിട്ടും തെക്കോട്ടിറക്കം കാണുവാനായി അനേകായിരം ജനങ്ങൾ കുടകളും ചൂടി തേക്കിൻ കാട്‌ മൈതാനത്തും പരിസരത്തുമായി തടിച്ചു കൂടി. ഒടുവിൽ തിരുവമ്പാടി-പാറമേക്കാവ് പൂരങ്ങൾ ഓരോ ആനപ്പുറത്ത് തെക്കേ ഗോപുരത്തിലൂടെ ഇറങ്ങിവന്നു. ഗാന്ധിജിയെ അറസ്റ്റുചെയ്ത ഉടനെയായിരുന്നു ആവർഷത്തെ പൂരമെന്ന പ്രത്യേകതയുമുണ്ടായിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖകൾ സമരാനുകൂലികൾ തെക്കോട്ടിറക്കത്തിന്റെ നേരത്ത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഗാന്ധിജിയുടെ അറസ്റ്റ് അങ്ങനെ അന്നവിടെ കൂടിയവർക്കിടയിൽ വലിയ ചർച്ചയാവുകയും ചെയ്തു. പിന്നീട് 1943ൽ ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ നേതാക്കളിൽ ഭൂരിപക്ഷവും അറസ്റ്റുചെയ്യപ്പെട്ടതിലുള്ള പ്രതിഷേധം നിമിത്തവും, അരിയുൾപ്പെടെയുള്ളവക്ക് വില കൂടിയതിന്റെ പേരിലും പൂരം അനാർഭാടമായി നടത്താൻ ഇരു ദേവസ്വങ്ങളും തീരുമാനിച്ചു. 1943ലെ എഴുന്നള്ളത്തിപ്പിനും ഇരുഭാഗത്തുനിന്നും ഓരോ ആനമാത്രമാണുണ്ടായിരുന്നത്. വാദ്യക്കാരുടെ എണ്ണത്തിലും കാര്യമായ കുറവ് വരുത്തി. അടുത്ത വർഷവും, കഴിഞ്ഞ വർഷത്തെ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ കാര്യമായ മെച്ചമൊന്നും ഉണ്ടായിട്ടില്ല എന്നഭിപ്രായപ്പെട്ട പാറമേക്കാവുകാർ ഒരു ആനയെ എഴുന്നള്ളിച്ചുമാത്രം പൂരം നടത്തി. എന്നാൽ, തുടർച്ചയായി പൂരം മുടക്കുന്നതിൽ ന്യായമില്ലെന്നു കരുതിയ തിരുവമ്പാടിക്കാർ പതിനഞ്ച് ആനകളെ എഴുന്നള്ളിച്ചു. പിന്നീട് 1962ലെ ഇന്തോ-ചീനാ യുദ്ധവും 1963ല്‍ പൂരം പ്രദര്‍ശനത്തിന്റെ വിഹിതം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കവും പൂരം മുടങ്ങിയ ചരിത്രത്തിലുണ്ട്. അങ്ങനെ വിവിധ കാരണങ്ങളുണ്ട്. അപ്പോഴും നാടിനോടുള്ള പ്രതിബദ്ധത പൂരനടത്തിപ്പിന്റെ മുൻഗാമികൾ മാറ്റിവെച്ചിട്ടില്ല.

60549163 2498137046886059 1596279236132339712 n

ഇപ്പോൾ കോവിഡ് ഭീതിയിൽ പൂരം നടത്തിപ്പിനെ കുറിച്ച് ആരോഗ്യവകുപ്പ് ഉയർത്തിയ ആശങ്കയെ തുടർന്ന് വീണ്ടും വിവാദമുയർന്നത്. നേരത്തെ വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പിന്റെയും പേരിലായിരുന്നു പൂരം നടത്തിപ്പ് തർക്കത്തിലാവാറുള്ളത്. ഇപ്പോൾ ജനങ്ങളുടെ ആരോഗ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നിരിക്കെ പൂരം നടത്താൻ വാശിപിടിക്കുന്നതിനെതിരെയാണ് വ്യാപക പ്രതിഷേധമുയർന്നിരിക്കുന്നത്. തൃശൂർ പൂരമുണ്ടാവുന്നതിന് കാരണമായി പറയുന്ന ആറാട്ടുപുഴയിലെ ദേവസംഗമം വിശ്വാസത്തിലല്ല, കാർഷിക സംസ്കൃതിയുടെ ഒരു ആഘോഷമാണ്. അവിടെ നിന്നും ആധുനിക വ്യാപാരവ്യവസായ സംസ്‌കൃതിയിലേക്കു വളരുന്ന ഒരു ജനസമൂഹത്തെ ശക്തൻ തമ്പുരാൻ മുന്‍കൂട്ടിക്കണ്ടതാണ് ഇന്നത്തെ തൃശൂര്‍ പൂരമെന്ന് ചരിത്രകാരൻമാർ അടയാളപ്പെടുത്തുന്നു. വിവിധ തൊഴില്‍ വിദഗ്ധരെയും ക്രിസ്ത്യാനികളായ വ്യാപാരികളെയും തൃശൂര്‍ ദേശത്തിന്റെ പല ഭാഗത്തായി കുടിയിരുത്തിയശേഷം ഉള്‍നാടുകളില്‍ നിന്ന്പൂരത്തിന്റെ പേരും പറഞ്ഞ് തൃശൂർ പട്ടണത്തിലേക്ക് എത്തിക്കുകയായിരുന്നു തൃശൂർ പൂരത്തിലൂടെ. നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത കാശുകൊണ്ടായിരുന്നു പണ്ടുകാലങ്ങളിൽ പൂരം സംഘടിപ്പിച്ചുപോന്നിരുന്നത്. എണ്ണായിരം രൂപകൊണ്ടൊക്കെ പൂരം നടത്തിയിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് പൂരത്തിന്റെ ചിലവ് കോടികളാണെന്നത് കാണാതെ പോവാനാവില്ല. ബ്രാഹ്മണഗ്രാമങ്ങളിലൊന്നായ പെരുവനത്തിന്റെ നിയന്ത്രണത്തിലായിരുന്നു ആറാട്ടുപുഴ പൂരം. പെരുമഴ പ്രളയം തീർത്തപ്പോൾ എത്താൻ വൈകിയതിന് തൃശൂർ വിഭാഗത്തിന് അയിത്തം കല്പിച്ച പെരുവനംകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ശക്തൻ തമ്പുരാനെന്ന ചരിത്രത്തിലെ വിമതനാണ് തൃശൂർ പൂരമെന്ന വിമത പൂരം ഉണ്ടാക്കുന്നത്. രണ്ടു ദേവസ്വങ്ങൾ തമ്മിൽ മത്സരസ്വഭാവത്തോടെ പൂരം നടത്തുക എന്നത് അതിന്റെ നിലനിൽപ്പിന് ഗുണം ചെയ്യുമെന്ന് മുൻകൂട്ടിക്കണ്ട തമ്പുരാൻ പാറമേക്കാവിനെയും തിരുവമ്പാടിയെയും പ്രധാനികളായും മറ്റുള്ളവരെ പങ്കാളികളായും ക്രമീകരിച്ചു. പൂരവിജയത്തിന് നഗരത്തിലെ ധനിക ക്രിസ്ത്യാനികളുടെ സാമ്പത്തികസഹകരണത്തിനും കാരണം ശക്തന്‍ തമ്പുരാൻ തന്നെ. കോവിഡ് വ്യാപന സാഹചര്യത്തിൽ പൂരം നടത്തിപ്പിൻറെ പ്രതിസന്ധി ചർച്ചയായപ്പോൾ ദേവസ്വം പ്രതിനിധി പ്രതികരിച്ചത് താന്ത്രിക പ്രായശ്ചിത്ത ചടങ്ങുകൾ തുടങ്ങിയെന്നും പൂരം ഒഴിവാക്കാനാവില്ലെന്നുമായിരുന്നു. എന്നാൽ ആചാരപരമോ, വിശ്വാസപരമോ ആയ ഒന്നും തൃശൂർ പൂരത്തിനില്ല. ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കാൻ കഴിയാതിരുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് ഒരുക്കിയ മറുപൂരം മാത്രം. മതപരമായതോ ആചാരങ്ങളുടെ ആലഭാരങ്ങളൊന്നും അന്നുണ്ടായിരുന്നില്ല പൂരത്തിന്.

31355910 1771748599534858 5895976330507321344 n

മഠത്തിലേക്കുള്ള വരവാവട്ടെ, ഇലഞ്ഞിച്ചുവട്ടിലെ മേളമാവട്ടെ, തെക്കേചരുവിലെ കുടമാറ്റമാവട്ടെ, പുലർകാലത്തിലെ വെടിക്കെട്ടാവട്ടെ ഉപചാരം ചൊല്ലലാവട്ടെ അങ്ങനെ എല്ലാം ഉണ്ടാക്കിയെടുത്ത ചടങ്ങുകളാണ്. മേളപ്രദവും ആകർഷകവുമാണ് പൂരം. മനുഷ്യക്കൂട്ടായ്മയുടെ മഹാഗോപുരമായിരുന്നു. ഒരു ജനതയുടെ ആത്മാവിലോളം വേരുപടര്‍ത്തിയ പൂരം. ജാതി, മതം, പ്രായം, ധനസ്ഥിതി എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള അതിരുകളെയും കടപുഴക്കിയെറിഞ്ഞ പൂരം. പരസ്പരം സ്പര്‍ശിക്കുന്ന മനുഷ്യശരീരങ്ങള്‍ സമദര്‍ശിതയുടെ ആധുനികമൂല്യം പങ്കുവെച്ചിരുന്നു. ഇലഞ്ഞിത്തറമേളം കാണാനും കേള്‍ക്കാനും എല്ലാ വിഭാഗം ജനങ്ങളും ക്ഷേത്രമതിൽക്കെട്ടിനകത്തു കയറാറുണ്ടായിരുന്നു. മതേതരത്വസ്വഭാവമാണ് പൂരത്തിന്റെ ബലം. പക്ഷേ, ഇന്ന് അതിർവരമ്പിട്ട്, വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മേലങ്കി പുതപ്പിച്ച് തൃശൂർ പൂരത്തിനെ തളച്ചിടാനും പല കോണിൽ നിന്നും ശ്രമം തുടരുകയാണ്. കുന്നിന് ചുറ്റും തൃശൂർ എന്ന നാടുണ്ടാക്കിയ തമ്പുരാൻ.തേക്കിൻകാടെന്ന അഭിമാനം. ഫാ. വടക്കൻ പ്രതിഷേധ കുർബാനയർപ്പിച്ച തേക്കിൻകാട്, ഗാന്ധിജിയും നെഹ്റുവും ഇന്ദിരയും എ.കെ.ജിയും ഇ.എം.എസും അച്യുതമേനോനും പി.കെ.വിയും രാജീവും രാഹുലും പ്രിയങ്കയും മോദിയും വി.എസും ആൻറണിയും ഉമ്മൻചാണ്ടിയും പിണറായിയും അമിത്ഷായും സുരേന്ദ്രനും തുടങ്ങി കക്ഷി രാഷ്ട്രീയങ്ങൾക്കപ്പുറം ഇരുന്ന മണ്ണ്. സമീപകാലത്ത് തേക്കിൻകാട് ഹിന്ദുക്കൾക്ക് മാത്രമെന്ന് വശത്താക്കാൻ ചിലർ നടത്തിയ ശ്രമം അതൊരു സൂചനയായിരുന്നു. ‘1958 ലെ മൂന്നാം ക്ളാസ് മലയാളം പാഠ പുസ്തകത്തിലെ ഒരു പാഠമാണ് കാടു തെളിച്ചു എന്നത്. ധീരനും ബുദ്ധിമാനും ആയിരുന്ന ശക്തന്റ തമ്പുരാൻ തൃശൂർ തേക്കിൻ കാട്ടിലെത്തിയപ്പോൾ കാടു വെട്ടിത്തെളിക്കാൻ ഉത്തരവിട്ടു. കാടുവെട്ടാൻ തുടങ്ങിയപ്പോൾ ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാട് ഉടവാളുമായി തുള്ളി എത്തി. ‘ഇത് എന്റെ അഛന്റെ ജഡയാണ് ഇങ്ങിനെ വെട്ടിക്കളയാൻ പാടില്ല’. ഞാൻ ഇതൊക്കെ വെട്ടിക്കളഞ്ഞ് ഇവിടെ വൃത്തിയും വെടിപ്പും വരുത്തുവാനാണ് ഭാവം. അനാവശ്യമായി ഒന്നും പറയാതെ പോകാൻ സൗമ്യതയോടെ ശക്തൻ തമ്പുരാൻ വെളിച്ചപ്പാടിനോട് പറഞ്ഞു. ‘ആഹാ ഉണ്ണി എന്നോട് കളിക്കുന്നോ’ എന്ന് ഗർജ്ജിച്ചു കൊണ്ട് വെളിച്ചപ്പാട് ശക്തൻ തമ്പുരാന്റെ തല വാളു കൊണ്ട് വെട്ടിപ്പൊളിക്കാൻ ഓടിയടുത്തു. ശക്തൻ തമ്പുരാൻ മൂർച്ചയേറിയ തന്റെ വാളൂരിയെടുത്ത് വെളിച്ചപ്പാടിന്റെ തലയറുത്തു കൊന്നു. കാടു വെട്ടിത്തെളിച്ച് തേക്കിൻകാട് വൃത്തിയാക്കി.

1602746728051535 0

ഇത് ചരിത്രമാണ്. വിശ്വാസത്തിൻറെ കെട്ടുകഥക്കപ്പുറം ചരിത്രത്തിന് മൂർച്ച കൂടും. പുതിയ കാലത്ത് ഇത് കൂടുതൽ ഓർമ്മപ്പെടുത്തുന്നു. ഉൽസവാഘോഷങ്ങൾ ജനങ്ങളുടെ സന്തോഷത്തിനുള്ളതാണ്. അതിന് ജാതിയുടെയും മതത്തിൻറെയും അതിർവരമ്പുകളിട്ട് എന്ത് സന്തോഷമാണുള്ളത്. തൃശൂർ പൂരവും പുത്തൻപള്ളി പെരുന്നാളുമെല്ലാം എല്ലാവരും ആഘോഷിക്കും. തൃശൂർ പൂരം പ്രതിസന്ധിയിലായ ഘട്ടത്തിൽ ഉപവാസ സമരത്തിനെത്തിയത് തൃശൂർ അതിരൂപതാ അധ്യക്ഷനായിരുന്നു. തൃശൂർ സാഹോദര്യത്തിന്റെ മണ്ണാണ്. പക്ഷേ, മഹാമാരിക്കാലത്ത് സ്വയം പാലിക്കേണ്ട ഉത്തരവാദിത്വവും നിയന്ത്രണങ്ങളുമുണ്ട്. സമുദായപ്രമാണിമാരുടെയും ഇത്തരം വോട്ട് ബാങ്കുകളുടെയും മറവിൽ ഉപവാസവും, പത്രപ്രസ്താവനയുമിറക്കി പഞ്ചപുഛമടക്കി നിൽക്കുന്ന രാഷ്ട്രീയക്കാരും ഭരണകൂടങ്ങളും നാടിന്റെ സുരക്ഷ മറക്കുന്നു. അവിടെ മറ്റു ചിലർ അവസരവാദികളായി നമ്മുടെ സാഹോദര്യവും സമഭാവനയും ഇല്ലാതാക്കുന്നു. ഉണരേണ്ടത് മനുഷ്യരാണ്. തകരരുത് ലോകത്തിന് തൃശൂർ നൽകിയ മഹത്തായ സംഭാവന തൃശൂർ പൂരമെന്ന സാംസ്കാരികോൽസവം.

95499766 3843735389032931 2331638883441180672 n

കടപ്പാട്: ഡോ. എൻ.ആർ.ഗ്രാമപ്രകാശ്, സി.എ കൃഷ്ണൻ, ഡോ. കെ ടി രാമവർമ എഴുതിയ കൈരളീവിധേയൻ രാമവർമ അപ്പൻ തമ്പുരാൻ എന്ന ജീവചരിത്ര ഗ്രന്ഥം. പ്രസാധനം : കേരളസാഹിത്യഅക്കാദമി (1998)