തൃശൂർ പൂരലഹരിയിലേക്ക്: പൂരം പ്രദർശന നഗരിയുടെ കാൽനാട്ടി; മന്ത്രിക്കൊപ്പം, ഇടത് വലത് സ്ഥാനാർഥികളും തിരിതെളിയിച്ച് കാൽനാട്ട് ചടങ്ങ്, തൃശൂരിന്റെ ഒരുമയെന്ന് പൂരനാട്

60
13 / 100

കോവിഡ് ഭീതിയിൽ കഴിഞ്ഞ വർഷം ചടങ്ങിലൊതുക്കേണ്ടി വന്ന പൂരത്തിനെ ഇത്തവണ അതും കൂടി ചേർത്തുള്ള ആഘോഷത്തിനായി തൃശൂർ കടന്നു. കോവിഡ് നിയന്ത്രണത്തിലും എല്ലാ ചടങ്ങുകളും ഉൾപ്പെടുത്തി പൊലിമയോടെ തന്നെ നടത്താൻ സർക്കാർ അനുമതി നൽകിയതോടെ പൂരം ഒരുക്കങ്ങളിലേക്ക് തൃശൂർ കടന്നു. പൂരത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിക്കാറുള്ള പൂരം പ്രദർശനം അടുത്ത മാസം ആദ്യം തുടങ്ങും. പൂരം പ്രദർശന നഗരിക്കുള്ള കാൽനാട്ട് ഇന്ന് നടന്നു.

രാവിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ കിഴക്കേ നടയിൽ മന്ത്രി വി.എസ്.സുനിൽകുമാർ കാൽനാട്ടിന് ഉദ്ഘാടനം നിർവഹിച്ചു. മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, മുൻ മേയർ ഐ.പി.പോൾ, കൗൺസിലർ പൂർണ്ണിമ സുരേഷ് എന്നിവരും തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി പത്മജ വേണുഗോപാൽ, എൽ.ഡി.എഫ് സ്ഥാനാർഥി പി.ബാലചന്ദ്രൻ എന്നിവരും കാൽനാട്ടിൽ പങ്കെടുത്തു. മന്ത്രിയോടൊപ്പം ഇടത് വലത് സ്ഥാനാർഥികളും ചേർന്നാണ് ഉദ്ഘാടനത്തിനായി തിരിതെളിയിച്ചത്.

പൂരം തൃശൂരിന്റെയാണെന്നും കക്ഷി രാഷ്ട്രീയത്തിനതീതമാണ് തൃശൂരിന്റെ വികാരമെന്നും പ്രതിനിധികൾ പ്രതികരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ, മെമ്പർ നാരായണൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പി.ചന്ദ്രശേഖരൻ തുടങ്ങി ദേവസ്വം ഭാരവാഹികളും മുൻ കൗൺസിലർ വി.രാവുണ്ണി, പി.ശശിധരൻ പൂരപ്രേമികളടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.

ഏപ്രിൽ 23നാണ് ഇത്തവണത്തെ പൂരം. പൂരച്ചടങ്ങുകളെല്ലാം നടത്താൻ അനുമതിയുള്ളതിനാൽ ഒരു വർഷത്തെ ഇടവേളക്ക് ശേഷമെത്തിയ പൂരത്തെ ആഘോഷമാക്കാനാണ് നാട് ഒരുങ്ങുന്നത്.