അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് അതിരപ്പിള്ളി ട്രൈബൽ വാലി കാർഷികോൽപ്പന്നങ്ങൾ

15
4 / 100

വൈഗ 2021 കാർഷികമേളയുടെ ഭാഗമായി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കാർഷിക പ്രദർശനത്തിൽ ഏറെ ജനശ്രദ്ധ ആകർഷിച്ച് അതിരപ്പിള്ളി ട്രൈബൽ വാലിയുടെ സ്റ്റാൾ. മുപ്പതാം നമ്പർ സ്റ്റാളിലാണ് ആദിവാസി കർഷകരുടെ കാർഷിക
വൈവിധ്യങ്ങളുടെ കലവറ ഒരുക്കിയിരിക്കുന്നത്.
അതിരപ്പിള്ളി പഞ്ചായത്തിലെ 14 ഊരുകളിലുള്ള ആദിവാസികളുടെ ഉന്നമനത്തിനായ് ആവിഷ്ക്കരിച്ച പദ്ധതിയാണ് അതിരപ്പിള്ളി ട്രൈബൽ വാലി പദ്ധതി.
ആദിവാസി മേഖലയിലെ തനത് കാർഷിക വിഭവങ്ങളായ വൻതേൻ, ചെറുതേൻ, കുറംതേൻ, കാപ്പി , ജാതി, ഏലം, കൊട്ടടക്ക, കൊക്കോ, കുടംപുളി , ശിക്കാക്കായ്, മഞ്ഞക്കൂവ, കാട്ടിഞ്ചി
എന്നിവ സംഭരിച്ച്, സംസക്കരിച്ച് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് ഗുണനിലവാരം തിട്ടപ്പെടുത്തി ബ്രാൻഡ് ചെയ്തു അന്താരാഷ്ട്ര വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കൃഷി വകുപ്പ്. ഈ വിഭവങ്ങളെല്ലാം വൈഗ വിപണന വേദിയിലും ലഭ്യമാക്കിയിട്ടുണ്ട് .

നൂറു ശതമാനം പ്രകൃതിദത്തമായ ഈ വിഭവങ്ങൾ ജൈവ, റെയിൻഫോറസ്റ്റ് സർട്ടിഫിക്കേഷനുകൾ നടത്തി അതിരപ്പിള്ളി എന്ന ബ്രാന്റിലാണ് വിപണിയിലെത്തിക്കുന്നത്. ആദിവാസികളുടെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ച് വിപണനം നടപ്പാക്കുന്നത് വഴി ഉല്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നു.

വൈഗ 2021 കാർഷിക പ്രാദർശന മേള അതിരപ്പിള്ളി ഉല്പന്നങ്ങളുടെ വിപണനത്തിനുള്ള മികച്ച വേദിയൊരുക്കിയിരിക്കുകയാണിപ്പോൾ.
അതിരപ്പിള്ളി ആദിവാസി മേഖലയിലെ എല്ലാ പ്രധാന തനത് ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിനും, കൂടുതൽ ഗുണഭോക്താക്കളിലേക്കും മൊത്തവ്യാപാരികളിലേക്കും ഉൽപ്പന്നങ്ങൾ എത്തിക്കാനും വൈഗ കാർഷിക പ്രദർശന മേള അവസരമൊരുക്കുന്നു.

നാൽപതോളം സ്റ്റാളുകളിലായി വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന കാർഷികോത്പന്നങ്ങളുടെയും നടീൽ വസ്തുക്കളുടെയും ശേഖരണമാണ് മുഖ്യ ആകർഷണീയത. ഈ വേദിയിലാണ് അതിരപ്പിള്ളി ട്രൈബൽ വാലി പ്രൊജക്ടിൻ്റെ കാർഷികോല്പന്നങ്ങൾ ജനശ്രദ്ധ നേടുന്നത്.