അന്നത്തിനൊപ്പം ഓൺലൈൻ പഠനസൗകര്യവുമെത്തിച്ച് പൂരപ്രേമി സംഘം: പത്ത് പേർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യത്തോടെ സ്മാർട്ട് ഫോണുകൾ എത്തിച്ചു

29

രണ്ടാം കോവിഡ് വ്യാപന സാഹചര്യത്തിൽ പഠനം ഓൺലൈനിൽ തന്നെ തുടരവേ, പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സൗകര്യമെത്തിച്ച് പൂരപ്രേമി സംഘം. ഗവ. മോഡൽ ബോയ്സ്, അയ്യന്തോൾ, പൂങ്കുന്നം, കുറ്റൂർ, പുത്തൂർ, അഞ്ചേരി, ഒല്ലൂർ, തൃക്കൂർ എന്നീ ഗവ. ഹൈസ്ക്കൂളുകളിലെയും തൃശൂരിലെ സി.എം.എസ്, വിവേകോദയം സ്ക്കൂളുകളിലെയും ഓൺലൈൻ പഠനസൗകര്യമില്ലാത്ത 10 കുട്ടികൾക്കാണ് പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ എത്തിച്ചത്. സ്ക്കൂളിലെ അധ്യാപകരും പി.ടി.എ ഭാരവാഹികളുമാണ് കുട്ടികളെ കണ്ടെത്തിയത്. രണ്ട് മാസത്തെ ഇൻ്റർനെറ്റ് ഡാറ്റയും ഒരു വർഷത്തെ കാലാവധിയുമുള്ള ബി.എസ്.എൻ.എൽ സിം കാർഡും ഫോണിനൊപ്പം സൗജന്യമായി നൽകി. പഠന മികവ് പുലർത്തുന്ന കുട്ടികൾ ഓൺൈലനിലേക്ക് മാറിയതോടെ വിഷമത്തിലായിരുന്നു. രക്ഷാധികാരി നന്ദൻ വാകയിൽ, കൺവീനർ വിനോദ് കണ്ടേങ്കാവിൽ, പ്രസിഡണ്ട് ബൈജു താഴെക്കാട്ട്, സെക്രട്ടറി അനിൽകുമാർ മൊച്ചാട്ടിൽ, ജോ.സെക്രട്ടറി സജേഷ് കുന്നമ്പത്ത്, ട്രഷറർ പി.വി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കോവിഡ് ലോക്ക് ഡൗൺ സാഹചര്യത്തിൽ ഭക്ഷ്യകിറ്റുകളും മരുന്നുകളുമടക്കം സഹായവുമെത്തിച്ചുള്ള പ്രവർത്തനങ്ങളിലാണ് പൂരപ്രേമി സംഘം.