അയ്യന്തോൾ എൽ.പി സ്കൂളിലെ ആദ്യ അധ്യാപകൻ ആൻഡ്രൂസ് ആലപ്പാട്ട് ഓർമയായി; വിടവാങ്ങിയത് ദേശീയ-സംസ്ഥാന പുരസ്‌കാരം നേടിയ അധ്യാപകൻ, പുരസ്‌കാര തിളക്കത്തിലല്ല, പട്ടിണിപ്പാവങ്ങൾക്ക് അറിവ് പകർന്ന ഔന്നത്യമെന്ന് പ്രഥമ ശിഷ്യൻ കഥാകാരൻ എൻ. രാജന്റെ കുറിപ്പ്

12

അയ്യന്തോൾ പഞ്ചായത്ത് എൽ.പി സ്കൂളിലെ ആദ്യ അധ്യാപകൻ ആൻഡ്രൂസ് ആലപ്പാട്ട് അന്തരിച്ചു. 1968-ൽ  പുതൂർക്കരയിലാണ് അയ്യന്തോൾ പഞ്ചായത്ത് എൽ.പി സ്കൂൾ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന അന്തരിച്ച സി.പി.എം നേതാവ് ഇ.കെ മേനോൻ മകൻ എൻ രാജന്റെ പേര് രജിസ്റ്ററിൽ ചേർത്ത് ആണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. വിളക്ക് കൊളുത്തലും നാട മുറിക്കലും ഒന്നുമില്ലാത്ത അപൂർവ ഉദ്‌ഘാടനമായിരുന്നു. സ്കൂളിലെ പ്രധാന അധ്യാപകൻ മുതൽ അറ്റൻഡർ വരെയായി ഒറ്റ അധ്യാപകനായി ആൻഡ്രൂസ് ആലപ്പാട്ട് ആയിരുന്നു. അന്ന് സ്കൂളിലെ ആദ്യ വിദ്യാർത്ഥി ഇന്ന് മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ എൻ. രാജൻ ആണ്. ആദ്യ അധ്യാപകനെ ഓർക്കുകയാണ് രാജൻ.

Advertisement

എൻ. രാജൻ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറിപ്പ് വായിക്കാം

eiH7P1M98820
എൻ. രാജൻ, ആൻഡ്രൂസ് ആലപ്പാട്ട്

പ്രിയപ്പെട്ട ആൻഡ്രൂസ് മാഷ് വിടവാങ്ങി.  എന്നെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അധ്യാപകൻ. അക്ഷരങ്ങളോടൊപ്പം അക്കങ്ങളും സാമൂഹ്യ ബോധവും ശാസ്ത്ര യുക്തികളും മനസിലുറപ്പിച്ചു തന്ന മാഷ്. ഒരു പക്ഷേ , ഖസാക്കിലെ രവിയുടെ ഏകാധ്യാപിക വിദ്യാലയം പോലൊരു  ഞാറ്റുപുര . ഓല മേഞ്ഞ , പനമ്പട്ട കൊണ്ട് മറച്ച ക്ലാസ് മുറി.  ഷർട്ടു പോലും ഇടാനില്ലാത്ത, കുടുക്കു പോയ ട്രൗസർ ചാക്കു ചരടിൽ കോർത്തു കെട്ടിയ സഹപാഠികൾ.
1968-ൽ  പുതൂർക്കരയിൽ ആരംഭിച്ച അയ്യന്തോൾ പഞ്ചായത്ത് എൽ പി സ്കൂളിലെ ആദ്യ വിദ്യാർഥിയാണ് ഞാൻ. ആദ്യ അധ്യാപകൻ ആൻഡ്രൂസ് ആലപ്പാട്ടും.
എന്റെ പേര് രജിസ്റ്ററിൽ സ്വന്തം കൈ കൊണ്ടെഴുതിയാണ് അച്ഛൻ സ്കൂൾ ഉദ്ഘാടനം ചെയ്യുന്നത്. വിളക്കു കൊളുത്തലോ നാട മുറിക്കലോ ഉണ്ടായില്ല. മകനെ സ്കൂളിൽ ചേർത്തു കൊണ്ടുള്ള ഉദ്ഘാടനം. ഓർക്കണം. 54 വർഷം മുമ്പ്.
പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ അച്ഛൻ മാനേജർ. അധ്യാപകനും പ്രധാനധ്യാപകനും അറ്റന്ററും ഒക്കെയായി ആൻഡ്രൂസ് മാഷും.
ആ നിലയിൽ നിന്നാണ് സ്കൂളിനെ   പടിപടിയായി ഉയർത്തിക്കൊണ്ടുവന്നത്. ഓലപ്പുരയിൽ നിന്ന് ഓടു  മേഞ്ഞ ക്ലാസ് മുറികളിലേക്കും, കോൺക്രീറ്റ് കെട്ടിടത്തിലേക്കും മാറി. പുതിയ അധ്യാപകർ വന്നു. നല്ലതും ചീത്തയുമായ ഇടവേളകളിലൂടെ കാലം പമ്പരം കളിച്ചു.

രണ്ടു വട്ടം ഇന്ത്യൻ പ്രസിഡന്റിൽ നിന്നും മികച്ച അധ്യാപകനുളള ദേശീയ പുരസ്കാരം ആൻഡ്രൂസ് മാഷ് വാങ്ങി. സംസ്ഥാന സർക്കാർ പുരസ്കാരവും മാഷെ തേടിയെത്തി. ഔദ്യോഗിക പുരസ്കാരങ്ങളുടെ തിളക്കത്തിലല്ല, സാധാരണക്കാരുടെ, പട്ടിണിപ്പാവങ്ങളുടെ മക്കളെ പഠിപ്പിച്ച ഔന്നിത്യത്തിലാണ് ആൻഡ്രൂസ് മാഷ് ഓർമിക്കപ്പെടുക. അധ്യാപനത്തോടുള്ള അർപ്പണം. കാലം മായ്ക്കാത്ത ബ്ലാക്ക് ബോർഡിൽ , ആൻഡ്രൂസ് മാഷ് ചോക്കു കൊണ്ടെഴുതിയ അക്ഷരങ്ങൾ കൂടുതൽ തെളിഞ്ഞു വരുന്നു.
വിട , അക്ഷരശുദ്ധിയോടെ ;
ആദര സ്നേഹത്തോടെ ഹൃദയാഞ്ജലി .
ആദ്യ ശിഷ്യൻ
എൻ രാജൻ
22-11-2022

Advertisement