അവിണിശേരി ഖാദി അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കള്ളവോട്ട്: കോൺഗ്രസ് നേതാവ് സി.ബി.ഗീതയുടെ മുൻകൂർ ജാമ്യം തള്ളി; തെരഞ്ഞെടുപ്പ് അട്ടിമറിയുടെ മുഖ്യ സൂത്രധാരയെന്ന് പ്രോസിക്യൂഷൻ

119

അവിണിശേരി കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷനിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ബാലറ്റ്‌ പെട്ടിക്കുള്ളിൽ അറ നിർമിച്ച്‌ കള്ളവോട്ട്‌ നിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് സി .ബി ഗീതയുടെ മുൻകൂർ ജാമ്യം ജില്ലാ കോടതി തള്ളി. അസോസിയേഷൻ ജില്ലാ പ്രസിഡണ്ടാണ് സി.ബി.ഗീത. ജില്ലാ കോടതി ജഡ്‌ജി പി എൻ വിനോദാണ്‌ ഗീതയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്‌. നേരത്തെ എഫ്‌.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഗീത നൽകിയ ഹർജി ഹൈകോടതി തളളിയിരുന്നു. കേസിൽ കള്ളവോട്ടിന്‌ കൂട്ടുനിന്നതിന് റിട്ടേണിങ് ഓഫീസറായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായിരുന്നു. ഖാദി തെരഞ്ഞെടുപ്പു വീണ്ടും നടത്താൻ ഹൈകോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ സി.എൻ ബാലകൃഷ്‌ണന്റെ മകളാണ്‌ സി.ബി ഗീത. കഴിഞ്ഞ തവണ കോർപറേഷൻ കൗൺസിലറായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചേരിതിരിഞ്ഞായിരുന്നു മത്സരം. തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ സെക്രട്ടറി വി കേശവനാണ്‌ ഹൈകോടതിയെ സമീപിച്ചത്‌. സി ബി ഗീത വിഭാഗം പെട്ടിക്കകത്ത്‌ രഹസ്യ അറയുണ്ടാക്കി വോട്ടിങ് ആരംഭിക്കുന്നതിന്‌ മുമ്പെ 50 വോട്ട്‌ നിക്ഷേപിക്കുകയായിരുന്നു. വോട്ടെണ്ണൽ സമയത്ത്‌ ഇത്‌ കണ്ടെത്തി. നെടുപുഴ പൊലീസ്‌ സ്ഥലത്തെത്തി പെട്ടി പിടിച്ചെടുത്ത്‌ കേസെടുക്കുകയായിരുന്നു. കള്ളവോട്ടിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജില്ലാ പബ്ലിക്‌ പ്രൊസിക്യൂട്ടർ അഡ്വ. കെ ബി സുനിൽകുമാർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. 196 വോട്ടുള്ളതിന് 200 ബാലറ്റ്‌ അടിക്കാനായിരുന്നു ഭരണസമിതി തീരുമാനം. എന്നാൽ റിട്ടേണിങ് ഓഫീസറെ സ്വാധീനിച്ച്‌ 50 ബാലറ്റ്‌ കൂടുതൽ അടിക്കുകയായിരുന്ന. ഈ 50 ബാലറ്റിൽ സി.ബി ഗീതയുടെ നേതൃത്വത്തിലുള്ള പാനലിന്‌ അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തി പെട്ടിക്കുള്ളിലെ അറയിൽ നിക്ഷേപിച്ചു. വോട്ടെടുപ്പ്‌ സമയത്ത്‌ പലകക്കിടയിൽ കുടുങ്ങിയ ബാലറ്റ്‌ പുറത്ത് കണ്ടതോടെയാണ് കള്ളി പൊളിഞ്ഞത്.

Advertisement
Advertisement