അർജന്റീനയുടെ കളി കാണാൻ നേരത്തെ വിടണമെന്ന് വിദ്യാർഥികൾ; നമുക്ക് ഇവിടെ കാണാമെന്ന് സ്കൂൾ; ക്ളാസ് മുറികളിൽ ലോകകപ്പ് കളി കാണാൻ സൗകര്യമൊരുക്കി പാവറട്ടിയിലെ സ്കൂൾ

12

കളി കാണാൻ നേരത്തെ വിടണമെന്ന വിദ്യാർഥികളുടെ അഭ്യർഥനകളുടെ വാർത്തകളുൾപ്പെടെ വൈറലായപ്പോൾ, തൃശൂരിൽ വിദ്യാർഥികളുടെ അഭ്യർഥന ക്ളാസ്മുറികളിൽ സാധിച്ചു കൊടുത്ത് ഒരു സ്കൂൾ. വെൻമേനാട് എം.എ.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളാണ് ക്ലാസ് മുറികളിലിരുന്ന് ലോകകപ്പ് ഫുട്ബോൾ മത്സരം കണ്ടത്.

Advertisement

ചൊവ്വാഴ്ച്ച നടന്നഅർജൻറിന സൗദി മത്സരമാണ് സ്വന്തം ക്ലാസുകളിരുന്ന് കണ്ടത്. ഉച്ചകഴിഞ്ഞ് നടക്കുന്ന അർജന്റീനയുടെ കളി കാണാൻ അവധി വേണമെന്നായിരുന്നു ഒരു കൂട്ടം വിദ്യാർഥികൾ അധ്യാപകർക്ക് മുന്നിൽ അവതരിപ്പിച്ചത്. കുറച്ചു പേർ തങ്ങളോട് കാര്യം പറഞ്ഞുവെങ്കിൽ ആഗ്രഹം ഉള്ളിലൊതുക്കിയിരിക്കുന്ന എത്രയോ കുട്ടികളുണ്ടാവുമെന്നായിരുന്നു അധ്യാപകർ ചിന്തിച്ചത്. അവധിയെന്തിനാ നമുക്ക് ഇവിടെയങ്ങ് കളി കണ്ട് ആഘോഷിച്ചു കൂടെയന്നായി അധ്യാപകർ. കുട്ടികളുടെ ആവശ്യത്തിനൊപ്പം സ്കൂളിലെ പി.ടി.എ കമ്മിറ്റിയും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ചേർന്നപ്പോൾ ലോകകപ്പ് കളി ആഘോഷമായി.

സ്കുളിലെ 39 ക്ലാസ് റൂമുകളിലും കളി കാണാൻ സംവിധാനമൊരുക്കി. സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് ആയതായിരുന്നു ഇതിന് സൗകര്യമായത്. കുട്ടികൾ പലരും ഇഷ്ട ടീമിന്റെ ജേഴ്സിയും പതാകയുമായാണ് മത്സരം കണ്ടത്. ഒന്നിച്ചിരുന്ന് കളി കാണുകയും ആവേശത്തോടെ ആർത്തുല്ലസിക്കുകയും ചെയ്ത് കുട്ടികൾ ആഘോഷമാക്കിയപ്പോൾ അത് പുതിയ അനുഭവമാകുകയായിരുന്നു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിംല, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ വി.എം കരീം, വിഎച്ച്എസ് പ്രിൻസിപ്പൽ ഡോ.അബ്ദുൽ റസാഖ് , പ്രധാന അധ്യാപകൻ ഹുസൈൻ എന്നിവരായിരുന്നു കുട്ടികളുടെ ആഗ്രഹം സാധിക്കാൻ നേത്യത്വം നൽകിയത്.

Advertisement