ആത്മഹത്യക്ക് ശ്രമിച്ച നടൻ ആദിത്യൻ അപകടനില തരണം ചെയ്തു; അമ്പിളിദേവിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടനെതിരെ കേസെടുത്തേക്കും

29

ആത്മഹത്യക്ക് ശ്രമിച്ച നടൻ ആദിത്യൻ അപകടനില തരണം ചെയ്തു. മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള നടനെ വിടുതൽ ചെയ്യുന്നതിൽ തീരുമാനിച്ചിട്ടില്ല. ഞായറാഴ്ച വൈകീട്ട് സ്വരാജ് റൗണ്ടിന് സമീപം കൈഞരമ്പ് മുറിച്ച നിലയിൽ കാറിൽ കണ്ടെത്തുകയായിരുന്നു. തൃശൂർ വടക്കുംനാഥ മൈതാനിയിൽ കാനയിലേക്ക് കാർ ചരിഞ്ഞു കിടക്കുന്നതായാണ് നാട്ടുകാർ ആദ്യം കണ്ടത്. നിറുത്തിയിട്ട കാറിൽ ആദിത്യൻ തളർന്ന് കിടക്കുകയായിരുന്നു. ചോരവാർന്നൊലിക്കുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തളർന്ന് അവശനിലയിലായ ഇയാളെ വിദഗ്ദ ചികിൽസക്കായി പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നടി അമ്പിളി ദേവിയുമായുള്ള വിവാഹവും തർക്കങ്ങളും സമീപ ദിവസങ്ങളിൾ ഏറെ ചർച്ചയും വിവാദവുമായിരുന്നു. അമ്പിളി ദേവിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായുള്ള ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. ആരോപണ പ്രത്യാരോപണങ്ങൾക്ക് പിന്നാലെയായിരുന്നു ആദിത്യൻ്റ ആത്മഹത്യാ ശ്രമം. അമ്പിളി ദേവിയെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ ആദിത്യനെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.