ആദിവാസികൾക്ക് അവരുടെ ഭൂമിക്ക് റവന്യു പട്ടയരേഖ തന്നെ നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ: ജനപ്രതിനിധികൾ മണ്ഡലങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കാൻ മുന്നോട്ട് വരണം, മുഴുവൻ കുട്ടികൾക്കും പഠിക്കാൻ സൗകര്യമൊരുക്കും, ലൈഫ് മിഷൻ പദ്ധതിയല്ലാതെ തന്നെ ആദിവാസി-പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പാർപ്പിടമൊരുക്കും, ശബരിമലയിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു, ഗുരുവായൂർ ദേവസ്വം മാസ്റ്റർപ്ളാൻ സാങ്കേതിക തടസം നീക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്നും മന്ത്രി

15

ആദിവാസികൾക്ക് അവരുടെ ഭൂമിക്ക് റവന്യു പട്ടയ രേഖ തന്നെ നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി രാധാകൃഷ്ണൻ. സി.കെ ജാനു ഉന്നയിച്ച ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ മന്ത്രിയോട് ചോദിക്കാം പരിപാടിയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ സ്പെഷൽ റിക്രൂട്ട്മെന്റ് വഴി ജോലി കൊടുത്ത കഴിഞ്ഞ സർക്കാരിന്റെ നടപടികൾ തുടരും. മുഴുവൻ പേർക്കും ജോലി കൊടുക്കാൻ ഈ സർക്കാരും ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികൾ ഓരോരുത്തരും തന്റെ മണ്ഡലത്തിലെ പാവപ്പെട്ടവരെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് മന്ത്രി പറഞ്ഞു. ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്ത സ്ഥലങ്ങളിൽ ഓൺലൈൻ പഠന സംവിധാനം ഒരുക്കാൻ നടപടി എടുക്കുമെന്ന് പിന്നീട് മറ്റൊരു ചോദ്യത്തിന് മന്ത്രി പറഞ്ഞു. എവിടെയൊക്കെയാണ് പ്രത്യേക സംവിധാനം വേണ്ടതെന്ന് പരിശോധിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സംവിധാനം എത്തിക്കുമെന്നും മന്ത്രി ഉറപ്പു പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ മൂലം ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വരുമാനം കുറവാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ നിയമനം നടത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. പാവപ്പെട്ടവർക്ക് വാസയോഗ്യമായ പാർപ്പിടം നിർമ്മിച്ച് കൊടുക്കാനാണ് സർക്കാർ തീരുമാനം. വയനാട്ടിലെ ആദിവാസി വിഭാഗക്കാർക്ക് പാർപ്പിടം ഒരുക്കാനുള്ള ശ്രമം വേണ്ടത്ര ഫലം കണ്ടിരുന്നില്ല. പദ്ധതികൾ ഫലപ്രദമായാണോ മുന്നോട്ട് പോകുന്നതെന്ന് പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ പൊതുമാനദണ്ഡം ആണ് ഉണ്ടായിരുന്നത്. അങ്ങിനെ വന്നപ്പോൾ ആദിവാസി വിഭാഗങ്ങളിൽ ഉള്ളവർക്ക് ചില ഇടങ്ങളിൽ വീടുകൾ കിട്ടാതെ പോയിട്ടുണ്ട്. അത് പരിഹരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും. ലൈഫ് മിഷൻ നിബന്ധനകളിൽ നിന്ന് ആദിവാസി വിഭാഗങ്ങളെ പൂർണമായി ഒഴിവാക്കി. അവർക്ക് അല്ലാതെ തന്നെ പാർപ്പിടം നിർമ്മിച്ച് കൊടുക്കും. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് കൂടി ഇളവ് നൽകേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന് ആവശ്യമായ ആലോചന നടത്തും. ത്രിതല പഞ്ചായത്തുകൾ കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്ന് മന്ത്രി പറഞ്ഞു. പട്ടിക വർഗ വിഭാഗങ്ങൾക്ക് ഇ-ഗ്രാന്റ് വഴിയാണ് പണം കൊടുക്കുന്നത്. ചില സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ കൃത്യസമയത്ത് കിട്ടുന്നില്ല. അതാണ് ഗ്രാന്റ് വൈകാൻ കാരണം. കവളപ്പാറയിലെ ആദിവാസി വിഭാഗക്കാരുടെ പ്രശ്നങ്ങൾ എംഎൽഎ അറിയിച്ചതിനെ തുടർന്ന് വകുപ്പ് വഴി പരിശോധന നടത്തി. ശബരിമല വിഷയത്തിൽ ചൂടാക്കുന്നത് കൊണ്ടാണ് ചൂടേറുന്നത്. സുപ്രീം കോടതി വിശാലബെഞ്ചിന്റെ വിധി വന്ന ശേഷം അക്കാര്യത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കാം. പരസ്പര വിശ്വാസത്തോടെ അത് പരിഹരിക്കാം. വിവാദമാക്കാൻ ശ്രമിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഉന്നമനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ സാങ്കേതിക തടസം നിലനിൽക്കുന്നുണ്ട്. പല രീതിയിലുള്ള ഇടപെടൽ അക്കാര്യത്തിൽ ഉണ്ടാകുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെങ്കിൽ മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ തടസമില്ല. സമവായം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും ശ്രമിക്കും. ഓരോ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.