ആദ്യ വര്‍ഷം വിജയം: കരുത്തോടെ കടവല്ലൂര്‍ കുടുംബശ്രീ ഷോപ്പി

7

വിപണിയിലെത്തിയ ആദ്യവര്‍ഷം വിജയകരമാക്കി കടവല്ലൂരിലെ കുടുംബശ്രീ ഷോപ്പി. കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് സ്ഥിര വിപണി ലക്ഷ്യമിട്ട് കടവല്ലൂരില്‍ പഞ്ചായത്തില്‍ ആരംഭിച്ച ഔട്ട്ലെറ്റാണ് കുടുംബശ്രീ ഷോപ്പി. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണി ലക്ഷ്യമിട്ട് തൃശൂര്‍ ജില്ലയില്‍ ആരംഭിച്ച ആദ്യ സംരംഭമാണിത്. സംരംഭം ഒരു വര്‍ഷം പിന്നിടുമ്പോള്‍ വിജയസാധ്യതയുള്ള ഒട്ടേറെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ യൂണിറ്റുകളുടെ പിന്‍ബലത്തില്‍ പഞ്ചായത്ത്. ഓണവിപണി ലക്ഷ്യമിട്ട് വിപണനകേന്ദ്രത്തോട് ചേര്‍ന്ന് സ്‌നാക്‌സ്, മെഷിന്‍ കോഫി, കൂള്‍ബാര്‍ എന്നിവ ഒരുക്കാന്‍ പദ്ധതിയുണ്ട്. വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നാടന്‍ പച്ചക്കറികളാണ് ഇവിടെ വിതരണത്തിന് എത്തുന്നത്.

Advertisement

കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന നാടന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് നിരവധി ആവശ്യക്കാരുണ്ട്. പലഹാരങ്ങള്‍, വിവിധ മസാല പൊടികള്‍, ചമ്മന്തിപ്പൊടികള്‍, കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍, വെളിച്ചെണ്ണ തുടങ്ങി വിവിധ ലോഷനുകള്‍, സാനിറ്ററി നാപ്കിന്‍ ഉല്‍പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഒരു ദിവസം 3500 രൂപ വരെ ഇവിടെ വരുമാനമുണ്ട്. കടവല്ലൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് പുറമെ ചൊവ്വന്നൂര്‍ ബ്ലോക്കിന് കീഴിലെ കുടുംബശ്രീ അംഗങ്ങളുടെ ഉല്‍പന്നങ്ങളും ഇവിടെ ലഭ്യമാണ്. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രവര്‍ത്തന സമയം.

2021 ആഗസ്റ്റ് മാസത്തിലാണ് കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്, ഷോപ്പിംഗ് കോംപ്ലക്‌സില്‍ കുടുംബശ്രീ ഷോപ്പി പ്രവര്‍ത്തനമാരംഭിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വിപണന കേന്ദ്രം ആരംഭിച്ചത്. ഒരു ഔട്ട്‌ലെറ്റിന്റെ നടത്തിപ്പിനായി 5 ലക്ഷം രൂപയാണ് ജില്ലാ മിഷന്‍ നല്‍കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍, സിഡിഎസ് ചെയ്ര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്‍ എന്നിവരുടെ പിന്തുണയോടെയാണ് പ്രവര്‍ത്തനം. കടവല്ലൂര്‍ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായ ജിന്‍ഷ രതീഷ്, സരിത സുരേഷ്, ദീപ്തി സതീഷ് തുടങ്ങിയവരാണ് വിപണനത്തിന് നേതൃത്വം നല്‍കുന്നത്.

Advertisement