ആരോഗ്യ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ല: വിവിധ പദ്ധതികളിലായി 48 പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യ മന്ത്രി

11
5 / 100

ആരോഗ്യ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലയിൽ ശനിയാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ വിവിധ പരിപാടികളിലായി ഉദ്ഘാടനം നിർവഹിച്ചത് 48 പദ്ധതികൾ. ഭിന്നശേഷി രംഗത്തെ മികവിന്റെ കേന്ദ്രമായ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻന്റ് റീഹാബിലിറ്റേഷൻ സെന്ററിൽ
അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്ററിന്റെയും സെന്റർ ഫോർ മൊബിലിറ്റി ആൻറ് അസിസ്റ്റീവ് ടെക്നോളജിയുടെയും ഉദ് ഘാടനം മന്ത്രി നിർവഹിച്ചു.

ആരോഗ്യ രംഗത്തെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വാർഡ് തല ആരോഗ്യ കേന്ദ്രങ്ങളുടെ ജില്ലാ തല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. വേലൂർ പഞ്ചായത്തിലാണ് ജില്ലയിൽ ആദ്യമായി വാർഡുകൾ തോറും ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഓരോ വാർഡിലേയും മെമ്പർമാരും ആശാ പ്രവർത്തകരുമടങ്ങുന്ന വാർഡ്തല ആരോഗ്യ സമിതികളുടെ പ്രവർത്തനം പകർച്ചവ്യാധികളെയും കൊറോണ പോലുള്ള വൈറസ് രോഗങ്ങളെയും തടയുന്നതിന് കൂടുതൽ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. താഴെ തട്ടിൽ നിന്നുള്ള ആരോഗ്യ സംരക്ഷണ പദ്ധതികൾക്കാണ് ഇതിലൂടെ ജീവൻ നൽകുന്നതെന്നും ഷൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി,നടുവിൽക്കര സബ്‌ സെന്റർ വാടാനപ്പിള്ളി,താലൂക്ക് ആശുപത്രികളായ കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ചാവക്കാട്, തൃശൂർ മാനസികാരോഗ്യ കേന്ദ്രം, ഗവ മെഡിക്കൽ കോളേജ്, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പുത്തൂർ പ്രാഥമികരോഗ്യ കേന്ദ്രം, കുടുംബരോഗ്യ ഉപ കേന്ദ്രങ്ങളായ പുത്തൂർ, എറവക്കാട്, പോങ്കാത്ര തുടങ്ങിയ കേന്ദ്രങ്ങളിലായി വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്.

ഗവ മെഡിക്കൽ കോളേജിൽ 22.59 കോടി രൂപയുടെ പൂർത്തീകരിച്ച 14 പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത് .ഇതിൽ 12 പദ്ധതി ഉദ്ഘാടനങ്ങളും രണ്ട് നിർമ്മാണ ഉദ്ഘാടനങ്ങളുമാണ്.പണി പൂർത്തീകരിച്ച റോഡുകളുടെ നിർമ്മാണം (75 ലക്ഷം ), ഡേ കെയർ കീമോ തെറാപ്പി യൂണിറ്റ് രണ്ടാം ഘട്ടം (2.50 കോടി ), സെൻട്രൽ വെയർ ഹൗസ് നിർമ്മാണം ( 2 കോടി ), ലേഡീസ് ഹോസ്റ്റൽ (4.15 കോടി ), ഓപ്പറേഷൻ തിയേറ്റർ നവീകരണം (90 ലക്ഷം ), ഡെന്റൽ കോളേജ് പ്രീ ക്ലിനിക് ലാബ് നവീകരണം (15 ലക്ഷം ), നെഞ്ചുരോഗാശുപത്രി പുതിയ സി ടി സ്കാനർ ( 1.79 കോടി ), നെഞ്ചു രോഗാശുപത്രി സി ടി സിമുലേറ്റർ ( 4 കോടി ), പ്രാണ എയർ ഫോർ കെയർ പദ്ധതി ( 20 ലക്ഷം ), ടെലി ഐ സി യു ( 25 ലക്ഷം ), സെന്റർ ഫോർ സ്കിൻ ഡെവലപ്പ്മെന്റ് ആൻന്റ് ട്രെയിനിങ് (2 കോടി ) എന്നിവയാണ് ഉദ്ഘാടനം നടന്ന പദ്ധതികൾ. കോവിഡ് രോഗികൾക്ക് ആശ്വാസമായി ഐ പി ബെഡുകളിലേക്ക് ഓക്സിജൻ നൽകുന്നതിന് മെഡിക്കൽ കോളേജ് ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ പ്രാണ എയർ ഫോർ കെയർ പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. ഗെയിൻ ഇന്ത്യ ലിമിറ്റഡ് കൊച്ചിയുടെ സി എസ് ആർ ഫണ്ടിൽ നിന്നും സംഭാവന ചെയ്ത 50 ലക്ഷം രൂപ ചിലവിലാണ് മോമോഗ്രാം യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്.2.30 കോടി രൂപ ചിലവഴിച്ചാണ് വാടാനപ്പിള്ളി നടുവിൽക്കര കുടുംബക്ഷേമ ഉപ കേന്ദ്രത്തിന്റെ നിർമ്മാണം പണി പൂർത്തീകരിച്ചിട്ടുള്ളത്. ഇമ്മ്യുണൈസേഷൻ റൂം, കോൺഫ്രൻസ് ഹാൾ, രോഗികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ഓഫീസ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ഡി
എച്ച് എസ് എൽ നിന്ന് അനുവദിച്ചിട്ടുള്ള 10.93 കോടി രൂപ ചിലവിൽ അഞ്ചു നിലകളിലാ യിട്ടാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി കെട്ടിടം പണി പൂർത്തീകരിച്ചിട്ടുള്ളത്.

തൃശൂർ ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഒന്നാം ഘട്ട നിർമ്മാണം 7.25 കോടി ചിലവിൽ പണി പൂർത്തീകരിച്ചു. ഒ പി മുറികൾ, ഓപ്പറേഷൻ തിയ്യറ്ററുകൾ, ലേബർ റൂം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. കിഫ്‌ബി കെ എം എസ് സി എൽ ഫണ്ട് 8 കോടി ചിലവിൽ പൂർത്തീകരിച്ച കാത്ത് ലാബ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം, എം എൽ എ ഫണ്ട് 35 ലക്ഷം രൂപ ചിലവിൽ നവീകരിക്കുന്ന കാഷ്വാലിറ്റി നവീകരണോദ്ഘാടനം, ഡി എം ഐ സി പുണരുദ്ധാരണം എന്നിവയയുടെ ഉദ്ഘാടനങ്ങളാണ് നടന്നത്.

ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിൽ 98.37 കോടി അനുമതി ലഭിച്ച മാസ്റ്റർ പ്ലാൻ ഉദ്ഘാടനം, ഫീമെയിൽ ഫോറൻസിക് വാർഡ്, ഡയറ്ററി യൂണിറ്റ്, സ്ലീമർ, നവീകരിച്ച ഫാർമസി എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടന്നത്.