ആളും ആരവങ്ങളുമില്ലാത്ത തൃശൂര്‍ പൂരം ‘പ്രൗഢിയോടെ’ ആഘോഷിക്കാൻ പൂര നഗരി ഒരുങ്ങി; സാമ്പിള്‍ ഇന്ന്

20

കോവിഡ് ആശങ്കയിൽ ആളും ആരവങ്ങളുമില്ലാത്ത തൃശൂര്‍ പൂരം പ്രൗഢിയോടെ ആഘോഷിക്കാൻ പൂര നഗരി ഒരുങ്ങി. ഇന്ന് രാത്രി സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കുഴിമിന്നൽ വീതം പൊട്ടിക്കും. കാണാന്‍ ആരും എത്തേണ്ടതില്ലെന്ന് ദേവസ്വങ്ങളും പോലീസും അറിയിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. നാളെയാണ് തൃശൂര്‍ പൂര വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരനട തുറക്കും. 50 പേര്‍ മാത്രമാണ് പൂര വിളംബരത്തില്‍ പങ്കെടുക്കുക. പൂരചടങ്ങുകളെല്ലാം പ്രതീകാത്മകമാക്കാൻ കളക്ടറുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഒരാനപ്പുറത്ത് എഴുന്നെള്ളിപ്പ് നടത്തി ചടങ്ങിലൊതുക്കാൻ തിരുവമ്പാടി ദേവസ്വം ആദ്യം തീരുമാനിച്ചതിന് പിന്നാലെ പൂരത്തിൽ പങ്കെടുക്കുന്ന എട്ട് ഘടക പൂരങ്ങളും ഒരാനപ്പുറത്ത് അമ്പത് പേർ മാത്രമായി ചടങ്ങായി നടത്താൻ തീരുമാനിക്കുകയായിരുന്നു. പാറമേക്കാവ് വിഭാഗം 15 ആനകളെ എഴുന്നെള്ളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പൂരത്തിലെ പ്രധാന ആകർഷകമായ കുടമാറ്റവും ചമയ പ്രദർശനവും ഇരു വിഭാഗവും ഒഴിവാക്കി. പാറമേക്കാവ് വിഭാഗം പകരം കുടകൾ ക്ഷേത്രത്തിന് മുന്നിൽ പ്രദർശിപ്പിക്കും. ഇലഞ്ഞിത്തറ മേളം സമയം കുറച്ച് നടത്തും. വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. വെടിക്കെട്ടിനുള്ള കുഴിയെടുക്കൽ തേക്കിൻകാട് പുരോഗമിക്കുകയാണ്. ഡോഗ് സ്ക്വാഡും എക്സ്പ്ളോസീവ് വിഭാഗവും വെടിക്കെട്ട് പ്രദേശത്ത് പരിശോധന നടത്തി. കളക്ടറുടെ സന്ദർശനത്തിനും പരിശോധനക്കും ശേഷം അനുമതിയോടെ മാത്രമേ വെടിക്കെട്ട് നടത്തൂ എന്ന് സംഘാടകർ പറഞ്ഞു. പൂര നഗരിയിലേക്കുള്ള സന്ദർശനം പോലീസ് നിയന്ത്രണ വിധേയമാക്കി. നാളെയും മറ്റന്നാളും സ്വരാജ് റൗണ്ടിലേക്ക് പൂരവുമായി ബന്ധപ്പെട്ടുള്ളവർക്കും പ്രധാനപ്പെട്ടവർക്കും മാത്രമേ പ്രവേശനമനുവദിക്കൂ. കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിട്ടുള്ളത്.