ആർ.ആർ.ടി അംഗങ്ങളുടെ നിയമനത്തിൽ രാഷ്ട്രീയ വിവേചനമെന്ന്: ഇടത് ഭരണസമിതിയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ വായ് മൂടിക്കെട്ടി പ്രതിഷേധം, പലയിടത്തും പരിപാടി ബഹിഷ്കരിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ, കോർപ്പറേഷനിലെ സമരത്തിന് പങ്കെടുത്തത് നാല് കൗൺസിലർമാർ മാത്രം

29

കോവിഡ് പ്രതിരോധ പ്രവർത്തനമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിൽ ആർ.ആർ.ടി അംഗങ്ങളെ നിയമിക്കുന്നതിൽ പക്ഷഭേദം കാട്ടുന്ന എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ ജില്ലയിലെ ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വായി മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾക്ക് വിധേയമായാണ് ഈ സമരം സംഘടിപ്പിച്ചത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ ചേമ്പറിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ കോർപ്പറേഷനിൽ ഡി.സി.സി പ്രസിഡന്റ് എം. പി. വിൻസെൻറ് നിർവഹിച്ചു. ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ അധ്യക്ഷത വഹിച്ചു, ധർണയിൽ ഉപനേതാവ് സുനിൽരാജ്, ബ്ലോക്ക് പ്രസിഡന്റ് ഗിരീഷ് കുമാർ, കൗൺസിലർമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപ്പറമ്പിൽ, റെജി ജോയ് തുടങ്ങിയവർ പങ്കെടുത്തു. വലിയ ദുരന്തത്തെ നേരിടുമ്പോൾ സഹായിക്കാൻ വരുന്നവരെ പക്ഷപാതകരമായി കാണുന്ന നടപടി ഭരണകക്ഷിക്ക് ചേരുന്നതല്ലെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെൻറ് പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 66 പഞ്ചായത്തുകളിലും, നാല് മുനിസിപ്പാലിറ്റി, തൃശൂർ കോർപ്പറേഷൻ എന്നിവിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആർ.ആർ.ടി അംഗങ്ങളെ നിയമിച്ചത് എല്ലാ രാഷ്ട്രീയ പാർട്ടികളുമായി കൂടി ആലോചിച്ചാണ്. ഈ നടപടി സ്വീകരിക്കാൻ ഇടതുപക്ഷ ഭരണസമിതികൾ തയ്യാറാക്കണം. അത്തരത്തിൽ ആർ.ആർ.ടി അംഗങ്ങളെ നിയമിക്കാൻ ഇടതുപക്ഷത്തെ ഭരണസമിതികൾ മുന്നോട്ടുവരണമെന്ന് ഡി.സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടു. കാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകൾ ഒരുകാരണവശാലും കൊടിയോ, അടയാളങ്ങളും ഉപയോഗിക്കരുതെന്ന് സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും സി.പി.എം, ഡി.വൈ.എഫ്.ഐയും അവരുടെ കോടികൾ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് രംഗത്ത് ഇറങ്ങുന്നതെന്ന് ഡി.സി.സി. പ്രസിഡൻറ് പറഞ്ഞു. ഇത് തികച്ചും സേവന പ്രവർത്തനങ്ങൾ ഇടതുപക്ഷത്തിന്റേത് മാത്രമാണെന്ന് കാണിക്കാനുള്ള വ്യഗ്രതയാണെന്നും, ഇത് നിയന്ത്രിക്കാൻ അധികാരികൾ തയ്യാറാകണമെന്നും ഡി.സി.സി. പ്രസിഡൻറ് പറഞ്ഞു. അതേ സമയം പരിപാടി തള്ളി കോൺഗ്രസ് ജനപ്രതിനിധികൾ തന്നെ രംഗത്ത് വന്നു. കോർപ്പറേഷനിൽ കോൺഗ്രസ് കൗൺസിലർമാരായിട്ടുള്ളവർ തന്നെ പരിപാടിയോട് സഹകരിച്ചില്ല. ആർ.ആർ.ടി അംഗങ്ങളെ നിയോഗിക്കുന്നത് അതത് പഞ്ചായത്ത് അംഗങ്ങളും ഡിവിഷൻ കൗൺസിലർമാരുടെയും നിർദ്ദേശങ്ങളനുസരിച്ചാണെന്നിരിക്കെ ഇത്തരം സമരപരിപാടിയോട് യോജിക്കാനാവില്ലെന്നാണ് ജനപ്രതിനിധികളുടെ ബഹിഷ്കരണത്തിന് ന്യായീകരണം. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാതെ സമരത്തിനിറങ്ങിയതിൻറെ അനുഭവമാണ് തെരഞ്ഞെടുപ്പിൽ നേരിട്ടതെന്നും വീണ്ടും അതേ സമീപനം തന്നെ സ്വീകരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും നേതാക്കൾ പറയുന്നു.