ആൾക്കൂട്ടവും ആരവങ്ങളുമില്ല: ആവേശം കുറയാതെ കരുതൽ പൂരം: പെരുമയോടെ ഘടകപൂരങ്ങളെത്തി, മികവ് ചോരാതെ തിരുവമ്പാടിയുടെ മഠത്തിൽ വരവ്, പ്രൗഢിയോടെ പാറമേക്കാവിന്റെ പുറപ്പാട്, ആളൊഴിഞ്ഞ് തേക്കിൻകാട്ടിൽ പോലീസിന്റെ സുരക്ഷാ പൂരം, പൂരം നിറഞ്ഞ് തൃശൂർ

53

ആൾക്കൂട്ടവും ആരവങ്ങളുമില്ലാതെ കരുതലോടെ തൃശൂർ പൂരം ആഘോഷിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രങ്ങളോടെയാണ് പൂരം നടത്തുന്നത്. ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കി. തേക്കിൻകാട് ഒഴിഞ്ഞ നിലയിലാണ്. ജനങ്ങൾ വീടുകളിൽ ഇരുന്നും ടി.വിയിലോ സമൂഹ മാധ്യമങ്ങളിലോ പൂരം കാണണമെന്നാണ് അധികൃതരുടെ നിർദേശം. പൂരത്തിന് വേദിയാക്കുന്ന തേക്കിൻക്കാട് മൈതാനം കർശന പോലീസ് നിയന്ത്രണത്തിലാണ്. 2000 പൊലീസുകാരെയാണ് സുരക്ഷക്കായി വിനിയോഗിച്ചിട്ടുള്ളത്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിൽ വരവും തുടങ്ങി. ഇക്കുറി ഒരാനപ്പുറത്താണ് ഘടകപൂരങ്ങളെത്തുന്നത്. പ്രൗഢി ചോരാതെ പതിവ് തെറ്റാതെയും 15 ആനകളോടെ പാറമേക്കാവിൻ്റെ എഴുന്നള്ളത്ത് പുറത്തിറങ്ങി. ഇവിടെ മേളം കലാശിച്ച ശേഷം കിഴക്കേ ഗോപുരം വഴി വടക്കുന്നാഥനിൽ പ്രവേശിക്കും. ഇലഞ്ഞിത്തറയിൽ രണ്ടോടെയാണ് പെരുവനംകുട്ടൻമാരാരുടെ പ്രമാണത്തിൽ മേളം. ഇവിടെ നിന്നും തെക്കോട്ടിറങ്ങി. ഒരാനപ്പുറത്ത് തിരുവമ്പാടിയും 15 ആനകളുമായി പാറമേക്കാവും മുഖാമുഖം നിൽക്കും. പ്രതീകാത്മകമായി മൂന്ന് കുടകൾ മാറ്റും. സന്ധ്യയിലും ആൾക്കടൽ ഒഴിയാത്ത പൂരപ്പറമ്പ് ഇന്ന് ആറ് മണിയോടെ പൂർണ്ണമായും വിജനമാകും. വൈകീട്ട് വീണ്ടും ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങും. പുലർച്ചെയാണ് വെടിക്കെട്ട്.