ഇനി കലയുടെ മാമാങ്കം: വരവറിയിച്ച് സ്വർണ്ണക്കപ്പ് ഘോഷയാത്ര; ജില്ലാ സ്കൂൾ കലോൽസവത്തിന് നാളെ സംഗമേശ്വരപുരിയിൽ തുടക്കം

13

കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന 33-ാമത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് വർണ്ണാഭമായ സ്വർണ്ണക്കപ്പ് ഘോഷയാത്ര. അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ ചേർന്ന് കപ്പ് കൈമാറി. കലോത്സവത്തിന്റെ ആവേശം നാടൊന്നാകെ ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചരിത്രത്തിലൂടെയുള്ള യാത്രയ്ക്കാണ് നാം സാക്ഷ്യംവഹിക്കുന്നതെന്നും പറഞ്ഞു. ഉപജില്ലാ കലോത്സവങ്ങളിൽ ഉൾപ്പെടെ കണ്ട വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം എടുത്ത് പറഞ്ഞാണ് ജില്ലാ കലക്ടർ സംസാരിച്ചത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം അരങ്ങുണരുമ്പോൾ അത് വലിയ പ്രതീക്ഷ നൽകുന്നു. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ വേദികളിലെത്താൻ സാധിക്കട്ടെ എന്നും കലക്ടർ ആശംസിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ട്രോഫി കമ്മറ്റി ചെയർമാൻ സിജു യോഹന്നാൻ, കൺവീനർ റഫീഖ് എസ് എ, ഘോഷയാത്ര കമ്മറ്റി ചെയർമാൻ ബൈജു കുറ്റിക്കാടൻ, കൺവീനർ ജേക്കബ് ആലപ്പാട്ട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങിയ കപ്പ് വിവിധ സ്കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി.

Advertisement
9ec9f0e4 bd48 4e6a 853b e5625196f471


സി എം എസ് ഹയർ സെക്കന്ററി സ്കൂൾ, തൃശൂർ, ജെ പി ഇ എച്ച് എസ് എസ് കൂർക്കഞ്ചേരി, എസ് എൻ എച്ച് എസ് എസ് കണിമംഗലം, സെന്റ് ആന്റണിസ് എച്ച് എസ് എസ് അമ്മാടം, സി എൻ എൻ എച്ച് എസ് എസ് ചേർപ്പ്, സെന്റ് ജോസഫ് എച്ച് എസ് കരുവന്നൂർ, എസ്എൻഎച്ച്എസ്എസ് ഇരിങ്ങാലക്കുട, സെന്റ് മേരീസ് എച്ച് എസ് എസ് ഇരിങ്ങാലക്കുട തുടങ്ങിയ സ്കൂളുകളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഹർഷാരവത്തോടെയാണ് സ്വർണ്ണക്കപ്പിന് സ്വീകരണം നൽകിയത്. തുടർന്ന് കേന്ദ്രീകൃത ഘോഷയാത്ര സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് തുടങ്ങി വിവിധ കലാരൂപങ്ങൾ, താളമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ടൗൺഹാളിൽ എത്തിച്ചേർന്നു.

117.5 ഗ്രാമിന്റെ സ്വർണ്ണക്കപ്പ് സംസ്ഥാന കലോത്സവ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുടയിൽ 16 വേദികളിലായി 26 വരെയാണ് മേള. 15 ഉപജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അരങ്ങിലെത്തും. ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ, എസ് എൻ ഹാൾ, ലയൺസ് ക്ലബ് ഹാൾ, പാരിഷ് ഹാൾ, ഡോൺബോസ്കോ സ്കൂൾ തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക.

തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : ഔപചാരിക ഉദ്ഘാടനം നാളെ

ddc31c8a 0fec 47c9 952e d8c705c34eed

കലോത്സവത്തിന്റെ അരങ്ങുകളെ സ്വന്തമാക്കാൻ ജില്ല ഒരുങ്ങി. 33-ാ മത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച ഇരിങ്ങാലക്കുടയിൽ ഔപചാരിക തുടക്കമാകും. രാവിലെ 9 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഒന്നാം വേദിയായ ടൗൺ ഹാൾ പരിസരത്ത് പതാക ഉയർത്തും. തുടർന്ന് കൊരമ്പ് മൃദംഗ വിദ്യാലയത്തിലെ കുട്ടികളുടെ മൃദംഗ വാദനത്തോടെ പരിപാടികൾ ആരംഭിക്കും. ജില്ലയിലെ സംഗീതാധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ സ്വാഗതഗാനവും ദൃശ്യാവിഷ്കാരവും അരങ്ങേറും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ബിന്ദു അധ്യക്ഷയാകുന്ന സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ രാജൻ കലോത്സവം ഉദ്ഘാടനം ചെയ്യും. എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, സാംസ്കാരിക നായകർ പൊതുവിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരാകും. 26 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Advertisement