ഇന്റർനെറ്റ് ചതിച്ചു, ആയിഷക്ക് മൽസരത്തിൽ പങ്കെടുക്കാനായില്ല: സമ്മാനങ്ങളുമായി അനുമോദിക്കാൻ പൊലീസ് അസോസിയേഷൻ വീട്ടിലെത്തി

51

പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് പോലീസ് മീഡിയ സെൽ നടത്തിയ മൽസരത്തിൽ പങ്കെടുക്കാൻ ചിത്രം തയ്യാറാക്കിയെങ്കിലും ഇന്റർനെറ്റ് തകരാറിനെ തുടർന്ന് പങ്കെടുക്കാനാവാതെ പോയ ഏഴ് വയസുകാരിെയ വീട്ടിലെത്തി പോലീസ് അസോസിയേഷൻ അനുമോദിച്ചു. തൃശൂരിൽ ഷൊർണൂർ റോഡിൽ താമസിക്കുന്ന ഏഴ് വയസുകാരിയും തൃശൂർ ദേവമാത സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാർഥിയുമായ ആയിഷയെ ആണ് പോലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. ‘പോലീസ് പരിസ്ഥിതിയുടെ സംരക്ഷകർ’ എന്ന വിഷയത്തിലായിരുന്നു പോലീസ് മീഡിയാ സെൽ മൽസരം സംഘടിപ്പിച്ചത്. അഞ്ചിന് രാത്രി 12 വരെയായിരുന്നു ചിത്രം ലഭിക്കേണ്ട അവസാന സമയം. ആയിഷ ചിത്രം തയ്യാറാക്കിയിരുന്നുവെങ്കിലും ഇൻറർനെറ്റ് തകരാറിലായതിനെ തുടർന്ന് നിശ്ചിത സമയത്ത് അയക്കാനായില്ല. അടുത്ത ദിവസം മെയിൽ മടങ്ങിയതിൻ്റെ സ്ക്രീൻ ഷോട്ടു സഹിതം അയച്ചു കൊടുത്തെങ്കിലും സമയപരിധി കഴിഞ്ഞതിനാൽ സ്വീകരിക്കാൻ സാധിക്കില്ലെന്ന് മറുപടി ലഭിച്ചു. തുടർന്ന് ആയിഷയും മാതാവ് ഷഹബാനയും കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രവീൺ ഉൾപ്പടെ പലരെയും ബന്ധപ്പെട്ടെങ്കിലും നിയമ തടസമുള്ളതിനാൽ മത്സരത്തിൽ ഉൾപ്പെടുത്താനായില്ല. വിവരമറിഞ്ഞ പോലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി വീട്ടിലെത്തുകയായിരുന്നു. ജില്ലാ സെക്രട്ടറി മധുസൂദനൻ സിജി, ജോ. സെക്രട്ടറി ഗിരീഷ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം മധു സി.വി., മുൻ ജില്ലാ സെക്രട്ടറി ബിനു ഡേവിസ് എന്നിവർ വീട്ടിലെത്തി ആയിഷക്ക് സമ്മാനങ്ങൾ നൽകി അനുമോദനം നൽകി. ദേവമാത പബ്ലിക്ക് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആയിഷ നിരവധി സമാനങ്ങളാണ് ചെറു പ്രായത്തിനുള്ളിൽ സ്വന്തമാക്കിയിട്ടുള്ളത്. വീടു നിറയെ ആയിഷയും ചേച്ചിമാരായ അദിയയും, അലീഷയും വിവിധ കലാത്സരങ്ങളിൽ നേടിയ സമ്മാനങ്ങളാണ്. അയിഷയുടെ പിതാവ് ബെനിസർ ബഷീർ വിദേശത്താണ്.