ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കെ.ഇ.ഡി.എം.എസ്.യു സമ്മേളനം: എൻ.ജി. ബാബു കുമാർ-പ്രസിഡണ്ട്, എൻ.എസ്. ദിലീപ് കുമാർ -സെക്രട്ടറി

8

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, മുല്ലശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ജീവനക്കാർക്ക് മനസ്സമാധാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ (കെ.ഇ.ഡി.എം.എസ്.യു) തൃശൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞതും ചോർന്നൊലിക്കുന്നതും മതിയായ സ്ഥലസൗകര്യവുമില്ലാത്ത പ്രസ്തുത ഓഫീസ് കെട്ടിടങ്ങൾ പൊളിച്ച് പുതിയത് നിർമ്മിക്കുകയോ നിലവിലുള്ള കെട്ടിടം നവീകരിക്കുകയോ ചെയ്യണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ചാവക്കാട്, തൃശൂർ വിദ്യാഭ്യാസ ജില്ലകൾ വിഭജിച്ച് വടക്കാഞ്ചേരി ആസ്ഥാനമാക്കി പുതിയ ജില്ലാ വിദ്യാഭ്യാസ ഓഫീസ് രൂപീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആദ്യത്തെ ഇ – ഓഫീസ് ആയി മാറാൻ പ്രയത്നിച്ച തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും അതിന് വേണ്ടി മുൻകൈ എടുത്ത വിദ്യാഭ്യാസ ഉപഡയറക്ടറേയും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനേയും യോഗം അഭിനന്ദിച്ചു. സേവനത്തിൽ നിന്നും വിരമിച്ച ജീവനക്കാരെയും പത്താം തരത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു.

ഓൺലൈൻ ഗൂഗിൾ പ്ലാറ്റ്ഫോമിൽ ചേർന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് എൻ.ജി. ബാബുകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഒ.ജെ.ഷിബു സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ജി.ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് മഹേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി എ.ജി ഷാജു, മുൻ സംസ്ഥാന പ്രസിഡണ്ട് കെ.രാജീവ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ചിങ്ങാരത്ത്, സംസ്ഥാന വനിതാ ഫോറം കൺവീനർ ബിനിത സത്യൻ, കെ.വി സന്തോഷ്, കെ.എം. അമീർ, വി.ഇ. നൂർജഹാൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ.ജെ. ഷിബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ശ്രീ. വി.കെ സോമൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട്. എം. എസ് സന്തോഷ് കുമാർ നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി എൻ.ജി. ബാബു കുമാർ (പ്രസിഡണ്ട്), എം.എസ്. സന്തോഷ് കുമാർ (വൈസ് പ്രസിഡണ്ട്), എൻ.എസ്. ദിലീപ് കുമാർ (സെക്രട്ടറി), ഒ.എ. പ്രവീൺ (ജോ.സെക്രട്ടറി), കെ. സബാഹ് രാജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.