ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല: തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട്

211

ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ പൂങ്കുന്നം സ്വദേശി ഗോപീകൃഷ്ണയിലെ ചന്ദ്രാംഗദമേനോൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസിസ്റ്റൻറ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ഇപ്രകാരം ഉത്തരവായത്. ചന്ദ്രാംഗദ മേനോന് വൈദ്യുതി കുടിശികയാരോപിച്ച് 72 155 രൂപയുടെ ബിൽ നൽകിയിരുന്നതും അതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ ബിൽ റദ്ദ് ചെയ്യുവാനും 1000 രൂപ ചിലവ് നൽകാനും വിധിയുണ്ടായിരുന്നു. എന്നാൽ വിധി എതൃകക്ഷികൾ പാലിച്ചില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതൃകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷികൾക്ക് പോലീസ് മുഖേന വാറണ്ട് അയക്കുവാൻ ഉത്തരവിടുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാണ്. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Advertisement
Advertisement