ഉൽസവതൊഴിൽ രംഗത്തുള്ളവർക്ക് കരുതലും താങ്ങുമായി പൂരപ്രേമി സംഘം: ആറ് ജില്ലകളിലെ ആയിരം പേർക്ക് ഓണകിറ്റുമായി സംഘം യാത്ര തിരിച്ചു; പൂരപ്രേമി സംഘത്തിന്റേത് മാതൃകാ പ്രവർത്തനമെന്ന് മന്ത്രി കെ.രാജൻ

30

കോവിഡ് മഹാമാരിയിൽ ഉൽസവാഘോഷങ്ങൾ ഇല്ലാതായതോടെ ജീവിതം വഴിമുട്ടിയവർക്കിടയിലെ പ്രതീക്ഷയായി മാറിയ പൂരപ്രേമി സംഘം ഉൽസവ തൊഴിൽമേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ഓണാശ്വാസക്കിറ്റുകളുമെത്തിക്കുന്നു. തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ആയിരം പേർക്കാണ് ഓണക്കിറ്റുകൾ എത്തിക്കുന്നത്. പൂരോൽസവ രംഗത്തും, കലാരംഗത്തും പ്രവർത്തിക്കുന്ന ബുദ്ധിമുട്ടനുഭവിക്കുന്നവർക്കാണ് ഓണക്കിറ്റ് എത്തിക്കുന്നത്. പ്രളയകാലം മുതൽ തുടരുന്ന അട്ടപ്പാടിയടക്കമുള്ള ആദിവാസി ഊരുകളിലും ഉൽസവ മേഖലകളിലും പ്രവർത്തിക്കുന്നവർക്കുമുള്ള കിറ്റും അടിയന്തര ചികിൽസയും മരുന്ന് വിതരണവും ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകളും നൽകുന്ന പ്രവൃത്തികൾ തുടരുന്നതിനിടെയാണ് പൂരപ്രേമി സംഘത്തിൻറെ മെഗാപ്രൊജക്ടായി ആറ് ജില്ലകളിലെ ആയിരം പേർക്ക് ഓണക്കിറ്റും നൽകുന്നത്. തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനവും വാഹനത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി കെ.രാജൻ നിർവഹിച്ചു. മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി കൊണ്ടുള്ള മാതൃകാപരമായ പ്രവർത്തനമാണ് പൂരപ്രേമി സംഘത്തിന്റേതെന്ന് മന്ത്രി പറഞ്ഞു. പി.ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ, കോർപ്പറേഷൻ കൗൺസിലർമാരായ പൂർണിമ സുരേഷ്, എൻ.പ്രസാദ്, പൂരപ്രേമി സംഘം രക്ഷാധികാരി നന്ദൻ വാകയിൽ, കൺവീനർ വിനോദ് കണ്ടേംകാവിൽ, പ്രസിഡണ്ട് ബൈജു താഴെക്കാട്ട്, സെക്രട്ടറി അനിൽകുമാർ മൊച്ചാട്ടിൽ, ജോ.സെക്രട്ടറി സജേഷ് കുന്നമ്പത്ത്, ട്രഷറർ പി.വി അരുൺ തുടങ്ങിയവർ പങ്കെടുത്തു.