എം.എന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ പുതിയമുഖം: ജില്ലയില്‍ പുനര്‍ നിര്‍മ്മിക്കുന്നത് 99 ഒറ്റവീടുകള്‍

4

സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 165 കുടുംബങ്ങളുടെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. കാലങ്ങളായി ഒരു ഭിത്തിക്ക് അപ്പുറവും ഇപ്പുറവുമായി
കഴിഞ്ഞിരുന്ന ലക്ഷംവീട് കോളനി കുടുംബങ്ങള്‍ക്കാണ് എം എന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ പുതിയമുഖം കൈവരുന്നത്.  പദ്ധതി പ്രകാരം തൃശൂര്‍ ജില്ലയില്‍ 99 ഒറ്റവീടുകളാണ് പുനര്‍നിര്‍മ്മിക്കുന്നത്. കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ 19 ലക്ഷംവീടുകള്‍, ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മരത്താക്കര, പൊന്നുക്കര ലക്ഷംവീട് കോളനികളിലെ യഥാക്രമം 39, 11 വീടുകള്‍, മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനിയിലെ 30 വീടുകളുമാണ് ഒറ്റവീടുകളാക്കി പുതുക്കി പണിയുന്നത്.

Advertisement

കാലപ്പഴക്കവും
അസൗകര്യവും കൊണ്ട് ദുരിതത്തിലായ കുടുംബങ്ങള്‍ക്കാണ് ഒറ്റവീട് പദ്ധതി ആശ്വാസമാകുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ കാസര്‍കോട്-16, കണ്ണൂര്‍-26, മലപ്പുറം-10, പത്തനംതിട്ട-14 ഒറ്റവീടുകളാണ് നിര്‍മ്മിക്കുന്നത്. ഏറ്റവും കൂടുതല്‍ വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നത് തൃശൂര്‍ ജില്ലയില്ലാണ്.

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് സ്‌പെഷ്യല്‍ ബംബര്‍ ലോട്ടറി നടത്തി സമാഹരിച്ച 6,16,63,260 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതിയില്‍പ്പെട്ട വീടുകളുടെ പുനര്‍നിര്‍മ്മാണവും ഇരട്ടവീടുകള്‍ ഒറ്റവീടാക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് നാല് ഗഡുക്കളായി 4 ലക്ഷം രൂപ വീതം നല്‍കും.

Advertisement